ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ
വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് തിങ്കളാഴ്ച സി.ജെ.പി. നടത്തിയ പാർലമെൻ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ് നടപടിയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പോലീസ് നടത്തിയ ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും അതിരുകടന്നതായാണ് ആരോപണം. ജന്തർ മന്തറിൽ പ്രതിഷേധിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ വിവിധ പ്രതിപക്ഷ പാർട്ടി നേതാക്കളടക്കം സമാധാനപരയായി പ്രതിഷേധിച്ചവർക്കെതിരെ കേന്ദ്ര സർക്കാർ കൈകൊണ്ട നടപടിയെ നിശിതമായി വിമർശിച്ചു.
പോലീസ് നടപടിയിൽ പ്രതിഷേധിച്ച് രാത്രി പാർലമെന്റ് വളപ്പിലെ ബാബാ സാഹിബ് അംബേദ്കറുടെ പ്രതിമയ്ക്ക് താഴെ ആസാദ് സമാജ് പാർട്ടി എം.പി ചന്ദ്രശേഖർ ആസാദ് ധർണ്ണ ആരംഭിച്ചു. പോലീസ് നടപടിയെ ‘ജാലിയൻവാലാബാഗിന് സമാനമായ ക്രൂരത’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നീതി ഉറപ്പാക്കുന്നത് വരെ സമാധാനപരമായ ജനാധിപത്യ സമരം തുടരുമെന്നും അറിയിച്ചു. രാത്രി കനത്ത മഴയത്ത് ഇരിക്കുന്ന ചിത്രങ്ങൾ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പങ്കുവെച്ചു
“ഞാൻ സത്യപ്രതിജ്ഞ ചെയ്ത അതേ സ്ഥലത്ത് വച്ച് ഭരണഘടനയുടെ അന്തസ്സ് സംരക്ഷിക്കാനാണ് ഇന്ന് ഞാൻ ഇവിടെ ഇരിക്കുന്നത്. പാവപ്പെട്ട ജനങ്ങൾക്ക് നേരെ നടന്ന അതിക്രമങ്ങൾക്കെതിരെ എന്റെ കടമ നിർവ്വഹിക്കുകയാണ് ഞാൻ. ജയ് ഭീം, ജയ് ഭാരത്.” എന്ന് അദ്ദേഹം ‘എക്സി’ൽ കുറിച്ചു.
ജന്തർ മന്തറിൽ കുട്ടികൾക്കു നേരെയുണ്ടായ പീഡനത്തിൽ എംപി ചന്ദ്രശേഖർ ആസാദ് അഗാധമായ ദു:ഖം രേഖപ്പെടുത്തി. “അടിച്ചമർത്തൽ അതിന്റെ പരിധികൾ ലംഘിക്കുമ്പോഴെല്ലാം മാറ്റത്തിന്റെ സൂര്യൻ ഉദിക്കാൻ തുടങ്ങും. ജന്തർ മന്തറിൽ ഇന്ന് കുട്ടികൾക്കു നേരെയുണ്ടായ ക്രൂരമായ പെരുമാറ്റം ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു.”
ജാലിയൻവാലാബാഗ് സംഭവം താൻ കണ്ടില്ലെന്ന് പറഞ്ഞ അദ്ദേഹം, തിങ്കളാഴ്ച ജന്തർ മന്തറിൽ നിന്ന് ഉയർന്നുവന്ന ദൃശ്യങ്ങൾ ചരിത്രത്തിലെ ആ ഇരുണ്ട അദ്ധ്യായത്തെ ഓർമ്മിപ്പിയ്ക്കുന്നു എന്ന് കൂട്ടിച്ചേർത്തു.
സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കുക എന്നത് ഓരോ പൗരന്റെയും ഭരണഘടനാപരമായ അവകാശമാണെന്ന് ചന്ദ്രശേഖർ ആസാദ് വ്യക്തമാക്കി. ഈ അവകാശത്തെ അടിച്ചമർത്താൻ ബലപ്രയോഗം നടത്തുന്നത് ജനാധിപത്യ മൂല്യങ്ങൾക്കു നേരെയുള്ള ആക്രമണമാണ്. ഈ വേദന പ്രകടിപ്പിക്കുന്നതിനും ഭരണഘടന സംരക്ഷിക്കുന്നതിനുമാണ് പാർലമെന്റ് സമുച്ചയത്തിലെ ബാബാ സാഹിബിന്റെ പ്രതിമയ്ക്ക് കീഴിൽ താൻ കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നും ചന്ദ്രശേഖർ ആസാദ് ആവർത്തിച്ചു. ഈ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ നീതി ഉറപ്പാക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുന്നതുവരെ, എന്റെ സമാധാനപരമായ ജനാധിപത്യ പോരാട്ടം തുടരുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
