ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി ഡൽഹി ജന്തർ മന്തറിൽ നടത്താൻ നിശ്ചയിച്ച വൻ പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ കൂട്ട അറസ്റ്റ്. പ്രതിഷേധത്തിയ 600 ലധികം വിദ്യാർത്ഥികളെ വിവിധയിടങ്ങളിൽനിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്.
പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ പ്രമുഖ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽ നിന്നാണ് ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച രാവിലെ ഏഴേമുക്കാലോടെ സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വസതിയിൽവെച്ചായിരുന്നു സംഭവം. രാവിലെ ധ്രുവ് റാഠിയുടെ അമ്മ വാതിൽ തുറന്നതോടെ പോലീസ് അകത്തുകയറി ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അർദ്ധരാത്രിയിൽ അൻപതോളം വരുന്ന പോലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു.
സമരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഭരണകൂടവും ഡൽഹി പോലീസും നഗരത്തെ പൂർണ്ണമായി സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരിയെ 20 മേഖലകളായി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്ക്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.
കനത്ത സുരക്ഷാ വലയത്തിലാണ് രാജ്യതലസ്ഥാനം. മെട്രോ, ട്രെയിൻ ഗതാഗതങ്ങൾക്കടക്കം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാജീവ് ചൗക്ക്, ന്യൂഡൽഹി, സെൻട്രൽ സെക്രട്ടേറിയറ്റ്, പട്ടേൽ ചൗക്ക്, കശ്മീരി ഗേറ്റ് എന്നിവയുൾപ്പെടെ 45 മെട്രോ സ്റ്റേഷനുകളുടെ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടച്ചു. കൂടാതെ ന്യൂഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനുകളിൽ എത്തേണ്ട 250-ഓളം ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്.
ജൻപഥ്-കർത്തവ്യ പഥ് ക്രോസിംഗിന് ചുറ്റുമുള്ള 4 കിലോമീറ്റർ ചുറ്റളവിൽ വെള്ളിയാഴ്ച രാത്രി 10 മണി മുതൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു. ജന്തർ മന്ദറിലേക്ക് പോകുന്ന റോഡുകളിൽ ഏഴ് തട്ടുകളുള്ള സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൃത്യമായ തെളിവുകൾ ശേഖരിക്കുന്നതിനായി മുതിർന്ന ഉദ്യോഗസ്ഥർക്ക് ബോഡി ക്യാമറകൾ നൽകിയിട്ടുണ്ട്. കൂടാതെ, പ്രദേശത്ത് 300-ലധികം ഓഡിയോ ശേഷിയുള്ള സിസിടിവി ക്യാമറകളും വിന്യസിച്ചിട്ടുണ്ട്.
പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് തന്നെ മോദി പരാജയം സമ്മതിച്ചുവെന്ന് സി.ജെ.പി. സ്ഥാപകൻ അഭിജീത് ദിപ്കെ പറഞ്ഞു. രാജ്യത്തെ യുവാക്കളെയും ജനങ്ങളെയും പ്രധാനമന്ത്രി എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത്. ട്രെയിൻ സർവീസുകൾ നിർത്തിവെക്കേണ്ടതിന്റെ ആവശ്യകത എന്തായിരുന്നു?, അദ്ദേഹം ആരാഞ്ഞു. ഇന്റർനെറ്റ് വിച്ഛേദിക്കുകയും റോഡുകൾ ബ്ലോക്ക് ചെയ്യുകയും ചെയ്തെന്നും അഭിജീത് ദിപ്കെ കൂട്ടിച്ചേർത്തു. നിയന്ത്രണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും തങ്ങളുടെ പ്രവർത്തകർ ജന്തർ മന്ദിറിലേക്ക് മാർച്ച് ചെയ്യുമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ അറിയിച്ചു.
