ന്യൂഡല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹി ജന്തര്‍ മന്തറില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി സമാധാനപരമായി സംഘടിപ്പിക്കാൻ തീരുമാനിച്ച സമരത്തിൽ സമാധാനം നഷ്ടപ്പെട്ട് കേന്ദ്ര സർക്കാർ. പ്രക്ഷോഭത്തെ നേരിടാന്‍ സമാനതകളില്ലാത്ത വിധം സന്നാഹങ്ങളാണ് ഡല്‍ഹി പോലീസും സര്‍ക്കാരും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടിയന്തരാവസ്ഥക്ക് സമാനമായ സ്ഥിതിവിശേഷമാണ് രാജ്യതസ്ഥോനം നേരിടുന്നത്. അഭിഭാഷകരും മാധ്യമപ്രവർത്തകരുമടക്കം സിവിൽ വേഷത്തിൽ കണ്ടവരെയെല്ലാം അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്ന കാഴ്ചയാണ് ഡൽഹി തെരുവിൽ കാണുന്നത്.
പ്രതിഷേധത്തിന് മുന്നോടിയായി വ്യാപക അറസ്റ്റുകളാണ് ഡൽഹി പോലീസ് നടത്തുന്നത്. യൂട്യൂബർ ധ്രുവ് റാഠിയെ വസതിയിലേക്ക് ഇരച്ച് കയറിയും സിജെപി നേതാവായ അഭിജീത് ദീപ്കെയെ വിമാനത്തിൽ കയറിയുമാണ് അറസ്റ്റ് ചെയ്തത. സൗരവ് ദാസ്, അശുതോഷ് റാങ്ക, സിപിഐഎം നേതാക്കളായ എം എ ബേബി, പിണറായി വിജയൻ, ബൃന്ദാ കാരാട്ട്, എം വി ഗോവിന്ദൻ അടക്കമുള്ളവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ മാർച്ചിനൊരുങ്ങിയ സിപിഐഎം നേതാക്കളെ കേരള ഹൗസിൻ്റെ മുന്നിൽ വെച്ച് തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്ത് മണിക്കൂറുകളായി ജയിൽ സമാനമായ വാഹനത്തിൽ കറക്കിക്കൊണ്ടിരിക്കുകയാണ്. മുകളിൽ നിന്ന് അറിയിപ്പ് ലഭിക്കാതെ ഈ യാത്ര അവസാനിക്കില്ലെന്നാണ് പോലീസ് പറയുന്നതെന്ന് വാഹനത്തിനുള്ളിൽ നിന്ന് ഫോൺ വഴി ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.
ഗുരുഗ്രാമിലെ സെക്ടർ 56-ലുള്ള വസതിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ധ്രുവ് റാഠിയെ കസ്റ്റഡിയിലെടുത്തതായി സിജെപി ഔദ്യോഗിക എക്സ് പേജിലൂടെ സ്ഥിരീകരിച്ചിരുന്നു. ‘തെറ്റുകൾ ചോദ്യം ചെയ്യുന്ന, നിശബ്ദരാകാൻ തയ്യാറാകാത്ത യുവതയെ ഏകാധിപതി ഭയക്കുന്നു’ എന്നാണ് ഔദ്യോഗിക എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് സിജെപി പറഞ്ഞത്.
2020ലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് ശേഷം, തലസ്ഥാനത്ത് ഒരു പ്രതിഷേധത്തിനിടെ ക്രമസമാധാന പാലനത്തിനായി കേന്ദ്രസേനയെ വിന്യസിക്കുന്നതിലെ ഏറ്റവും വലിയ നടപടികളിലൊന്നാണിതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈച്ചയെ കൊല്ലാന്‍ ചുറ്റികയെടുക്കരുതെന്നായിരുന്നു കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചത്. ട്രെയിനും മെട്രോയും അടച്ചുള്ള നിയന്ത്രണങ്ങളെ അടിയന്തരാവസ്ഥയെന്നാണ് സിജെപി വിശേഷിപ്പിച്ചത്.
ഡൽഹി പോലീസും അർദ്ധ സൈനിക – കേന്ദ്ര സായുധ സേനയും ഡൽഹി നഗരം അടച്ചുപൂട്ടിയിട്ടും കേക്രോച്ച് ജനതാപാര്‍ട്ടി നേതാക്കൾ അറസ്റ്റിലായിട്ടും ഇടതുപാർട്ടികളും എസ്എഫ്ഐ, ഡിവൈഎഫ്ഐ, എഐഎസ്എഫ് , ഐസ എഎസ്എപി അടക്കം ഇടത് യുവജന വിദ്യാര്‍ത്ഥി സംഘടനകളും മിന്നൽ പ്രതിഷേധമുയർത്തി സമരം തെരുവിൽ സജീവമാക്കി നിലനിർത്തി എന്നതാണ് ഇന്നത്തെ പ്രധാന സവിശേഷതയായി മാറിയത്.
