Monday, October 12, 2026

കിളിരൂർ പീഡനക്കേസ് പ്രതി സാമ്പത്തിക തട്ടിപ്പുകേസിൽ പിടിയിൽ, ലതാ നായർ തട്ടിപ്പ് നടത്തിയത് ഇന്ദു മേനോൻ എന്ന പേരിൽ; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപ്പെട്ടത് 37 ലക്ഷം

Date:

കൊച്ചി : കിളിരൂർ പീഡനക്കേസ് പ്രതി ലത നായർ സാമ്പത്തിക തട്ടിപ്പുകേസിൽ പിടിയിൽ. ഇന്ദു മേനോൻ എന്ന പേരിൽ ലതാ നായർ നടത്തിയ തട്ടിപ്പിൽ തിരുവനന്തപുരം സ്വദേശിക്ക് 37 ലക്ഷം രൂപ നഷ്ടമായി ഇവർ തട്ടിപ്പ് നടത്തിയത്. കാക്കനാട് പ്രവർത്തിക്കുന്ന ഫ്രോസൺ ഫുഡ് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്വാമി നിത്യചൈതന്യ എന്ന പേരിൽ അറിയപ്പെടുന്ന മാവേലിക്കര സ്വദേശിയായ
അനിൽ കുമാറും പിടിയിലായവരുടെ കൂട്ടത്തിൽ പെടുന്നു. സുനിൽ കുമാർ, സിന്ധു എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. കൊച്ചി സ്പെഷ്യൽ ഇക്കണോമിക് സോണിൽ (CSEZ) നിക്ഷേപിച്ചാൽ ഉയർന്ന ലാഭവിഹിതം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. സംഭവത്തിൽ ഉൾപ്പെട്ട മറ്റൊരു പ്രതിയായ ദിലീപ് കുമാറിനായി പോലീസ് തിരച്ചിൽ നടത്തുന്നു.

കാക്കനാട് സെസിൽ പ്രവർത്തിക്കുന്ന കമ്പനിയുടെ ഡയറക്ടർ എന്ന വ്യാജേനയാണ് പ്രതികളിലൊരാളായ സുനിൽകുമാറും സംഘവും തിരുവനന്തപുരം സ്വദേശിയായ പരാതിക്കാരനെ സമീപിച്ചത്. തുടർന്ന് വിവിധ ഘട്ടങ്ങളിലായി 37 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പോലീസ് പറയുന്നത്. നൽകിയ പണം തിരികെ ലഭിക്കാതായതോടെ പ്രതികളെ സമീപിച്ച പരാതിക്കാരന് വ്യാജ ഡി.ഡി. നൽകിയതായും പോലീസ് പറയുന്നു. തുടർന്ന് സുനിൽകുമാർ പണം കമ്പനിയിൽ എത്തിച്ചിട്ടില്ലെന്ന് മനസ്സിലായതോടെയാണ് പരാതിക്കാരൻ എ.ഡി.ജി.പി. ലോ ആൻഡ് ഓർഡർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി നൽകിയത്.

ലതാ നായർ ഉൾപ്പെട്ട കിളിരൂർ, കവിയൂർ കേസുകൾ വലിയ രാഷ്ട്രീയ കോളിളക്കങ്ങളും സൃഷ്ടിച്ചിരുന്നു. കോട്ടയം കിളിരൂർ സ്വദേശിനിയായ ശാരി എസ് നായർ എന്ന യുവതിയെ സീരിയലുകളിലും സിനിമകളിലും അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ എത്തിച്ച് കൂട്ടമാനഭംഗത്തിന് ഇരയാക്കിയ കേസാണ് കിളിരൂർ കേസ്. കേസിലെ മുഖ്യ സൂത്രധാരയും ഇടനിലക്കാരിയുമായിരുന്നു ലതാ നായർ. ശാരിയെ നിർബ്ബന്ധപൂർവ്വം പലർക്കും കാഴ്ചവെക്കാൻ ലതാ നായർ സൗകര്യമൊരുക്കി നൽകിയെന്നതാണ് കേസ്.

പീഡനങ്ങൾക്കൊടുവിൽ ഗർഭിണിയായ ശാരി 2004 ഓഗസ്റ്റിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ പ്രസവത്തെത്തുടർന്ന് ചികിത്സയിലിരിക്കെ അജ്ഞാത രോഗബാധ മൂലവും ശരീരത്തിൽ വിഷാംശം ചെന്നതിനെത്തുടർന്നും 2004 നവംബറിൽ ശാരി മരണപ്പെട്ടു. ശാരിയുടെ മരണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചു. കേസിൽ പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയതിനും പീഡനത്തിന് അവസരമൊരുക്കിയതിനും ലതാ നായരെ വിചാരണക്കോടതി ശിക്ഷിച്ചിരുന്നു.

തിരുവല്ല കവിയൂർ ക്ഷേത്രത്തിലെ ശാന്തിക്കാരനായ അനന്തകൃഷ്ണൻ, ഭാര്യ മിനി, മക്കളായ അനന്യ (15), അർജുൻ (10), അഖിൽ (7) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. 2004 ഓഗസ്റ്റ് 28-നാണ് സംഭവം നടന്നത്. അനന്യ മരണപ്പെടുന്നതിന് തൊട്ടുമുമ്പ് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. പെൺകുട്ടിയെ ലതാ നായരും സംഘവും പീഡകർക്ക് കാഴ്ചവെച്ചതിനെത്തുടർന്നുണ്ടായ മാനസികവിഷമവും ഭീഷണിയുമാണ് കുടുംബത്തിന്റെ കൂട്ടആത്മഹത്യയിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഉന്നത ബന്ധങ്ങളുള്ള പ്രമുഖരാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന ആരോപണം ഉയരുകയും കേസ് സിബിഐ അന്വേഷിക്കുകയും ചെയ്തു. ലതാ നായർ ജയിൽശിക്ഷ അനുഭവിച്ചിറങ്ങിയ ശേഷവും വ്യാജ പേരുകളിൽ തട്ടിപ്പുകൾ തുടരുകയായിരുന്നുവെന്നാണ് പുതിയ അറസ്റ്റോടെ വ്യക്തമാകുന്നത്.

തൃക്കാക്കര സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആന്റണി ക്രിസ്റ്റസ്, അനന, എസ്.സി.പി.ഒ ബൈജു, ഗുജ്ജാർ, വനിതാ സി.പി.ഒ ഷബ്ബ കെ. കമാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

Share post:

Popular

More like this
Related

ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധം കനക്കും, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച് ; സമരത്തിന് അനുമതി തേടി സിജെപി

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...