ഗ്വാളിയർ : ഗ്വാളിയാറില് നവരാത്രി ആഘോഷങ്ങൾക്കിടെ തീര്ത്ഥാടകര്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി 13 പേര്ക്ക് ദാരുണാന്ത്യം. 40 ൽ അധികം പേര്ക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ഗ്വാളിയാറിലെ ഷീത്ല മാതാ ക്ഷേത്രത്തിന് സമീപം ഇന്ന് പുലര്ച്ചെ ഒന്നരയോടെയാണ് സംഭവം. നവരാത്രി ആഘോഷിക്കാനായി ക്ഷേത്രത്തിലേക്ക് വരികയായിരുന്ന ഭക്തര്ക്കിടയിലേക്ക് ചിന്നോര് ഭാഗത്തു നിന്ന് വന്ന നെല്ല് കയറ്റിയ ട്രക്ക് പാഞ്ഞു കയറുകയായിരുന്നു.
ഭാരമേറിയ വാഹനങ്ങള്ക്ക് നിയന്ത്രണമുള്ള കുത്തനെയുള്ള ഇറക്കത്തില് വെച്ച് ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നാണ് ദൃകസാക്ഷികള് പറയുന്നത്. പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡുകള് തകര്ത്ത് മുന്നോട്ടു പോയ വാഹനം ഭക്തരെ ഇടിച്ചു തെറിപ്പിച്ച ശേഷം ക്ഷേത്രത്തിന്റെ പുറം മതിലിലും ഗേറ്റിലും ഇടിച്ചാണ് നിന്നത്.
പരിക്കേറ്റവരില് ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പോലീസുകാര്ക്കും പരിക്കേറ്റു. നിയന്ത്രണങ്ങള് ഉണ്ടായിട്ടും ട്രക്ക് എങ്ങനെ ബാരിക്കേഡുകള് മറി കടന്ന് ക്ഷേത്രം റോഡിലേക്ക് പ്രവേശിച്ചു എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഗ്വാളിയാര് കളക്ടര് രുചിക ചൗഹാന് അറിയിച്ചു.
