ബംഗളൂരു : കർണ്ണാടകയിൽ രാജ്യത്തെ പ്രമുഖ എണ്ണ വിപണന കമ്പനികൾ വിൽക്കുന്ന പെട്രോളിൽ കൂടുതൽ അളവിൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന് കർണാടക സർക്കാർ. ലബോറട്ടറി പരിശോധനകളിൽ അളവ് 31.2% വരെ ഉയർന്നതായി കണ്ടെത്തിയതായാണ് ആരോപണം. വെള്ളിയാഴ്ച നടത്തിയ വാത്താസമ്മേളനത്തിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി റിസ്വാൻ അർഷാദ് വെളിപ്പെടുത്തിയതാണ് ഇക്കാര്യം.
ബംഗളൂരു, കോലാർ, ചിക്കബെല്ലാപുര, ബംഗളൂരു റൂറൽ, രാമനഗര, മംഗളൂരു, തുമകൂരു എന്നിവയുൾപ്പെടെ കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച 63 പെട്രോൾ സാമ്പിളുകൾ സംസ്ഥാന സർക്കാർ പരിശോധിച്ചതായി മന്ത്രി പറഞ്ഞു. ഇത്പ്രകാരം ഇന്ത്യൻ ഓയിൽ പെട്രോളിലാണ് ഏറ്റവും അധികം എഥനോൾ കണ്ടെത്തിയത്, 31.2 ശതമാനം. എച്ച്പിസിഎല്ലിൽ 30.5 ശതമാനവും ബിപിസിഎല്ലിൽ 26.5 ശതമാനവും നയാരയിൽ 26.1 ശതമാനവും ഷെല്ലിൽ 25.5 ശതമാനവും എഥനോൾ സാന്നിദ്ധ്യം കണ്ടെത്തി. ഐഒസിഎല്ലിന്റെയും ബിപിസിഎല്ലിന്റെയും ഇൻ-ഹൗസ് ലബോറട്ടറികളിലേക്കാണ് സാമ്പിളുകൾ ആദ്യം അയച്ചതെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, കമ്പനികൾ കണക്ക് തരാൻ തയ്യാറായില്ല.
.
സംസ്ഥാനത്ത് വാഹനങ്ങൾക്ക് മൈലേജ് കുറയുന്നതിനെക്കുറിച്ചും ഇടയ്ക്കിടെ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുന്നെന്നുമുള്ള പരാതികൾ നിരന്തരം ലഭിച്ചതിനെ തുടർന്നാണ് സർക്കാർ പരിശോധന ആരംഭിച്ചതെന്ന് അർഷാദ് പറഞ്ഞു.
ഉയർന്ന എഥനോൾ അളവ് വാഹനങ്ങളുടെ പ്രകടനത്തെ ബാധിക്കുമെന്ന് മന്ത്രി ആരോപിച്ചു. ഇന്ത്യയിലെ 35 കോടി വാഹനങ്ങളിൽ ഏകദേശം 99% വും 20% ൽ കൂടുതലുള്ള എഥനോൾ കലർന്ന പെട്രോൾ ഉപയോഗിച്ച് ഓടിക്കുന്നതിനായി നിർമ്മിച്ചതല്ലെന്നും, 2023 ഏപ്രിലിനുശേഷം നിർമ്മിച്ച വാഹനങ്ങൾക്ക് പോലും E20 വരെയുള്ള സർട്ടിഫിക്കറ്റ് മാത്രമെ ലഭിച്ചിട്ടുള്ളൂവെന്നും മന്ത്രി പറഞ്ഞു.
ഇന്ധന വിതരണ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ആശങ്കകളും സർക്കാർ ഉന്നയിച്ചു. പെട്രോൾ പമ്പുകളിൽ സ്ഥാപിച്ചിട്ടുള്ള നിരവധി ഡിസ്പെൻസിംഗ് യൂണിറ്റുകൾ 15% വരെ മാത്രം എഥനോൾ മിശ്രിതങ്ങൾ കൈകാര്യം ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്തവയാണെന്ന് അർഷാദ് പറഞ്ഞു. ഡിസ്പെൻസിംഗ് ഉപകരണങ്ങളുടെ ജനപ്രിയ നിർമ്മാതാക്കളായ മിറ്റ്കോയെ ഉദാഹരണമായി അദ്ദേഹം എടുത്തു കാണിച്ചു. അവരുടെ മെഷീനുകൾ E15 വരെയുള്ളവക്കെ സർട്ടിഫിക്കറ്റ് നൽകിയിട്ടുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ധനവുമായി ബന്ധപ്പെട്ട നാശനഷ്ട വ്യവസ്ഥകൾ ഇൻഷുറൻസ് പോളിസികളിൽ നിന്ന് നീക്കം ചെയ്തതിനെയും മന്ത്രി ചോദ്യം ചെയ്തു, അറ്റകുറ്റപ്പണികളുടെ ചെലവ് ഉപഭോക്താക്കളെ വഹിക്കാൻ വിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മൈലേജ് കുറയുന്നതും വാഹന അറ്റകുറ്റപ്പണികളും കാരണം ഉപഭോക്താക്കൾക്ക് ഏകദേശം 1.01 ലക്ഷം കോടി രൂപയുടെ വാർഷിക സാമ്പത്തിക ബാധ്യത നേരിടേണ്ടിവരുമെന്നാണ് കർണാടക സർക്കാരിൻ്റെ കണ്ടെത്തൽ. മൈലേജിൽ 10% കുറവും വാഹന അറ്റകുറ്റപ്പണി ചെലവിൽ 39,000 കോടി രൂപയും വാർഷിക നഷ്ടം 62,000 കോടി രൂപയായി കണക്കാക്കിയാണ് അവർ ഈ കണക്കിൽ എത്തിച്ചേർന്നത്.
2021 ലെ NITI ആയോഗ് റിപ്പോർട്ട് അനുസരിച്ച്, E20 നായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനങ്ങൾക്ക് 1–2% മൈലേജ് കുറവ് കാണാൻ കഴിയും, അതേസമയം പഴയ കാറുകൾക്ക് 6–7% വരെയും പഴയ ഇരുചക്ര വാഹനങ്ങൾക്ക് 3–4% വരെയും കുറവ് അനുഭവപ്പെടാം. BS6 യുഗത്തിന് മുമ്പ് നിർമ്മിച്ച വാഹനങ്ങളെക്കുറിച്ചും ഇത് ആശങ്കകൾ ഉയർത്തുന്നു, അവയിൽ പലതും ഉയർന്ന എഥനോൾ മിശ്രിതങ്ങൾക്കായി രൂപകൽപ്പന ചെയ്ത വയല്ല. നിയമപരമായി വാഹനത്തിന് 15 വർഷത്തെ ആയുസ്സ് ആണ് പറയുന്നത്. എന്നാൽ ഉയർന്ന അളവിൽ എഥനോൾ കലർന്ന പെട്രോൾ ഉപയോഗിക്കുന്നത് പഴയ എഞ്ചിനുകൾക്ക് കൂടുതൽ വെല്ലുവിളികൾ ഉയർത്തും.
.20% ൽ കൂടുതൽ എഥനോൾ അടങ്ങിയ പെട്രോൾ ഉപഭോക്താക്കൾക്ക് എങ്ങനെ വിതരണം ചെയ്യുന്നുവെന്ന് വിശദീകരിക്കാൻ റോഡ് ഗതാഗത, ഹൈവേ വകുപ്പുകളായ നിതിൻ ഗഡ്കരിയും പെട്രോളിയം, പ്രകൃതിവാതക ഹർദീപ് സിംഗ് പുരിയും തയ്യാറാവണമെന്ന് അർഷാദ് പറഞ്ഞു
E20 ഇന്ധനം അവതരിപ്പിച്ചതിനുശേഷം പെട്രോൾ വില ഒടുവിൽ ലിറ്ററിന് 55 രൂപയായി കുറയുമെന്ന ഗഡ്കരിയുടെ 2018 ലെ പ്രസ്താവനയും അദ്ദേഹം പരാമർശിച്ചു, ആ വാഗ്ദാനം നിറവേറ്റപ്പെട്ടോ എന്ന് അദ്ദേഹം ചോദിച്ചു.
