കൊച്ചി : കൊച്ചിയിലെ ബസുകളുടെ മരണരപ്പാച്ചിലില് കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. എന്തുതരം ഡ്രൈവിങ് ആണ് ഇതെന്ന് ചോദിച്ച ഹൈക്കോടതി, അപകടകരമായ രീതിയിലും അമിത വേഗതയിലും ഓടുന്ന ബസുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണരോട് നിര്‍ദ്ദേശിച്ചു. വിഷയത്തില്‍ കൊച്ചി കോർപ്പറേഷൻ നടപടിയെടുത്തില്ലെങ്കില്‍ കോര്പ്പറേഷന് സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്ന് അന്ത്യശാസനവും കോടതി നല്കി.
കഴിഞ്ഞ ദിവസം കാക്കനാട് ബസ്സപകടത്തില്‍പ്പെട്ട് യുവതി മരിച്ച ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ ഹൈക്കോടതിയുടെ നിരീക്ഷണം. അപകടത്തിന്റെ തീവ്രത ചൂണ്ടിക്കാണിച്ച കോടതി അപകട ദൃശ്യങ്ങള്‍ ഒരിക്കല്‍ക്കൂടി കാണാനാവില്ലെന്നും പറഞ്ഞു. ബസ് ഡ്രൈവർമാർ നിരത്തിലെ കാലന്മാർ എന്നാണ് കോടതി പരാമർശിച്ചത്.
റോഡുകളില്‍ ഫുട്പാത്തുകളില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി ഫുട്പാത്തുകളില്ലാത്തതാണ് അപകടത്തിന് കാരണമെന്നും കോടതി പറഞ്ഞു. ഫുട്പാത്ത് സ്ഥാപിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി എടുക്കുമെന്നും കോടതി പറഞ്ഞു. ഇക്കാര്യത്തിൽ പൗരന്മാര് എന്തുചെയ്യണമെന്നും ഹൈക്കോടതി ചോദിച്ചു. റോഡരുകില്‍ ആരെങ്കിലുമുണ്ടോ എന്ന് ഡ്രൈവര്‍മാര്‍ കാണുന്നില്ല. അപകടകരമായാണ് ഡ്രൈവിങ് നടത്തുന്നത്. ഇടതുവശത്തുകൂടിയും ഓവര്‍ടേക്ക് ചെയ്യുന്ന ഡ്രൈവര്‍മാര്‍ വാഹനം ഓടിക്കാന്‍ യോഗ്യരല്ലെന്നും കോടതി വ്യക്തമാക്കി.
മരണപ്പാച്ചില്‍ നിയന്ത്രിക്കാന്‍ പോലീസ് എന്ത് ചെയ്യുമെന്നാണ് ഹൈക്കോടതിയുടെ ചോദ്യം. പൗരന് സംരക്ഷണം നല്കാന് ഭരണകൂടത്തിന് കഴിഞ്ഞില്ല. മരിച്ച യുവതിയുടെ കുടുംബത്തോട് മാപ്പപേക്ഷിക്കണമെന്നും ഭരണകൂടം അത് ചെയ്തില്ലെന്നും കോടതി പറഞ്ഞു. കുറ്റക്കാരായ ബസ് ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാനാണ് കോടതിയുടെ തീരുമാനം. ജീവന് തുല്യം വെയ്ക്കാന്‍ മറ്റൊന്നുമില്ല.
എല്ലാദിവസവും അപകടം സംഭവിക്കുന്നു. ബസിനുള്ളിലും പുറത്തും ഉള്ളവര്‍ അപകടത്തിന് ഇരയാകുന്നു ബസ് ഡ്രൈവര്‍മാര്‍ക്ക് നിയമത്തെയും പോലീസിനേയും ഭയമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ബസുകളുടെ സമയക്രമം പാലിക്കാനാണ് അപകടകരമായി വാഹനമോടിക്കുന്നതെന്ന വാദം എങ്ങനെ അംഗീകരിക്കാനാകുമെന്ന് കോടതി ചോദിച്ചു. ബസുകളുടെ സമയക്രമത്തെക്കുറിച്ച് പോലീസ് ചിന്തിക്കേണ്ടതില്ലെന്നും സമയക്രമം പരിശോധിക്കേണ്ടത് പോലീസിന്റെ ചുമതലയല്ലെന്നും കോടതി വ്യക്തമാക്കി. കൊച്ചി പഴയ കൊച്ചിയല്ലെന്നും നിരത്തുകളില്‍ ഇപ്പോള്‍ കൂടുതല്‍ ആളുകളുണ്ടെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
