Tuesday, November 3, 2026

‘ബാരിക്കേഡുകൾ നീക്കണം, ഇന്റർനെറ്റ് പുന:സ്ഥാപിക്കണം’; കേന്ദ്രത്തിനും ഡൽഹി പോലീസിനും നിർദ്ദേശം നൽകി സുപ്രീംകോടതി, വാദങ്ങൾ കേട്ട് സ്‌പെഷ്യൽ സിറ്റിങ്

Date:

ന്യൂഡൽഹി: ഡൽഹിയിലെ പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടികൾ ചോദ്യം ചെയ്യുന്ന ഹർജികളിൽ വാദം കേൾക്കാൻ സ്‌പെഷ്യൽ സിറ്റിങ് ചേർന്ന് സുപ്രീംകോടതി. എല്ലാ കക്ഷികളുടെയും വാദം കേട്ട് ആർക്കും ബുദ്ധിമുട്ടുകൾ ഉണ്ടാവുന്നില്ലെന്ന് ഉറപ്പാക്കുമെന്നും നടന്ന സംഭവങ്ങളെ നിസ്സാരവത്ക്കരിക്കാനല്ല കോടതി ഇവിടെയുള്ളതെന്നും കോടതി പറഞ്ഞു. ഇതിനിടെ മെട്രോ സ്‌റ്റേഷനുകൾ അടച്ചിട്ടതിനെതിരെയുള്ള ഹർജികൾ പരിഗണിക്കവെ, ആവശ്യമില്ലെങ്കിൽ എല്ലാ ബാരിക്കേഡുകളും നീക്കംചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചു. സമാധാനപരമായ സാഹചര്യങ്ങൾക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുതന്നെ, ജനങ്ങളുടെ സ്വതന്ത്രമായ സഞ്ചാരം സാധാരണ നിലയിലാക്കണം. ഇന്റർനെറ്റ് സേവനം പുന:സ്ഥാപിക്കണമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേൾക്കുന്നത്.

ഡൽഹി പോലീസും അർദ്ധസൈനിക വിഭാഗങ്ങളും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതിനെതിരെയും മുൻ ഉത്തരവുകൾ മന:പ്പൂർവ്വം ലംഘിച്ചെന്നാരോപിച്ചുള്ള കോടതിയലക്ഷ്യ ഹർജിയിലുമാണ് വാദം കേൾക്കുന്നത്. കേസിൽ ഹർജികൾ സമർപ്പിച്ചിട്ടുള്ള എല്ലാ അഭിഭാഷകർക്കും തങ്ങളുടെ വാദങ്ങൾ ഉന്നയിക്കാൻ അവസരം നൽകുമെന്ന് കോടതി അറിയിച്ചു.

ബാറിലെ വലതുഭാഗത്തുനിന്ന് തുടങ്ങി ഇടതുഭാഗത്തേക്ക് എല്ലാവരുടെയും വാദങ്ങൾ ക്രമമായി കേൾക്കാനാണ് ഉദ്ദേശിക്കുന്നതെന്നും കോടതി പറഞ്ഞു. ഈ വിഷയത്തിൽ പ്രത്യേക സിറ്റിങ് നടത്തിയതിന്  നന്ദി അറിയിച്ച അഭിഭാഷകരോട്, നന്ദി പറയേണ്ട ആവശ്യമില്ലെന്നും രാജ്യത്തെ സേവിക്കാൻ എപ്പോഴും സന്നദ്ധരാണെന്നും ജസ്റ്റിസ് ബാഗ്ചി മറുപടി നൽകി.

തുടർന്ന് പ്രതിഷേധക്കാരെ തടങ്കലിൽ വെച്ചതിനെതിരെയും സെക്ഷൻ 163 ചുമത്തിയതിനെതിരെയും മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദങ്ങളുന്നയിച്ചു. ആളുകളെ തീവണ്ടികളിൽനിന്നും വിമാനത്തിൽ നിന്നുമടക്കം പോലീസ് കസ്റ്റഡിയിലെടുത്തതും, ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയ വിഷയം മുൻപ് അനുരാധ ഭാസിൻ കേസിൽ വിധി പ്രസ്താവിച്ച വിഷയത്തിൽ ഉൾപ്പെടുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാല് മുൻ മുഖ്യമന്ത്രിമാരെ അന്യായമായി തടങ്കലിൽവെച്ചത്, കേരള മുൻ മുഖ്യമന്ത്രി പിണറായി വിജയനെ രാവിലെ പത്തരയോടെ കസ്റ്റഡിയിലെടുത്ത് എട്ടുമണിക്കൂറോളം ഭക്ഷണ സൗകര്യം പോലും നൽകാതെ ഡൽഹി നഗരത്തിലൂടെ പോലീസ് വാഹനത്തിൽ ചുറ്റിച്ചത്, മമത ബാനർജിയെ അറസ്റ്റുചെയ്തത്, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനെ ഉൾപ്പെടെ കഠിനമായ ചൂടിൽ സ്റ്റേഡിയത്തിൽ തുറന്ന സ്ഥലത്ത് ഇരുത്തിയത് തുടങ്ങിയവയെല്ലാം കോടതിയിൽ ഉന്നയിച്ചു.

പ്രതിഷേധത്തിനിടെ ഉയർന്ന സംഘർഷങ്ങൾ, കുട്ടികളോടും വിദ്യാർത്ഥികളോടും ഉൾപ്പെടെയുള്ള പോലീസ് നടപടിയുടെ ചിത്രങ്ങൾ അഭിഭാഷകർ കോടതിക്ക് കൈമാറി. മെട്രോ സ്‌റ്റേഷനുകൾ, ഇന്റർനെറ്റ് അടക്കമുള്ള അവശ്യ സേവനങ്ങൾ തടസ്സപ്പെടുത്തരുതെന്ന കോടതി ഉത്തരവ് മന:പൂർവ്വം ലംഘിച്ച ഭരണകൂട നടപടിക്കെതിരെ കോടതിയലക്ഷ്യ ഹർജിയിലും വാദം കേട്ടു. തിരഞ്ഞെടുപ്പ് കമമ്മീഷന്റെ തീരുമാനങ്ങൾ നീതിപൂർവ്വമല്ലെന്ന് തോന്നുമ്പോഴാണ് യുവാക്കൾ നിയമപരമായ പ്രതിഷേധങ്ങളിലേക്ക് ഇറങ്ങുന്നതെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി.

സമാധാനപരമായ പ്രതിഷേധത്തിനും സ്വതന്ത്രമായി യാത്രചെയ്യാനുമുള്ള പൗരന്മാരുടെ അവകാശങ്ങളെ ഭരണകൂടം നിയമവിരുദ്ധമായ കരുതൽ തടങ്കലിലൂടെ ലംഘിക്കുകയാണെന്നും അഭിഭാഷകർ വാദിച്ചു. രാജ്യത്തെ പ്രമുഖ അഭിഭാഷകർ ഉൾപ്പെടെ 250-ലധികം അഭിഭാഷകരും മാധ്യമപ്രവർത്തകരും കോടതിനടപടികളിൽ പങ്കെടുത്തു. കേന്ദ്രസർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത, അഡീ. സോളിസിറ്റർ ജനറൽ എസ്.വി. രാജു എന്നിവരും കോടതിയിൽ ഹാജരായി.

Share post:

Popular

More like this
Related

അഭിരാമിന്റെ കൊലപാതകം: പെൺസുഹൃത്ത് അടക്കം 3 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് 17കാരനെന്ന് മൊഴി

തിരുവനന്തപുരം : അഭിരാമിന്റെ കൊലപാതകത്തില്‍ പെണ്‍സുഹൃത്തടക്കം മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി....

യുഎസ് മിഡ്ടേം ഇന്ന്; കാലിഫോർണിയ വോട്ടർപട്ടികയിലെ 20,000 പേർ യുഎസ് പൗരന്മാരല്ലെന്ന ട്രംപിന്റെ ഹർജിക്ക് സുപ്രീം കോടതിയിൽ തിരിച്ചടി

വാഷിങ്ടൺ : അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, കാലിഫോർണിയയിലെ വോട്ടർ പട്ടികയിൽ...

രാജമാണിക്യത്തിൻ്റെ സ്ഥാനചലനത്തിന് പിന്നിൽ വൈദ്യുതിവാങ്ങൽ തർക്കം; സർക്കാർ നിർദ്ദേശം 700 കോടി നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ

തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന്...

‘മാപ്പ് പറയുന്നത് അവരുടെ സ്വകാര്യ കാര്യം,  യാതൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ല’; ഷാജന്‍ സ്‌കറിയയ്‌ക്കെതിരെ നിയമനടപടി തുടരുമെന്ന് ലുലു ഗ്രൂപ്പ്

കൊച്ചി: അപകീര്‍ത്തി കേസില്‍ വിവാദ യൂട്യൂബര്‍ ഷാജന്‍ സ്‌കറിയയ്‌ക്കെതിരെയുള്ള നിയമനടപടിയുമായി മുന്നോട്ട്...