ന്യൂഡൽഹി : ഡൽഹിയിൽ തനിക്കെതിരെ നടന്നത് അറസ്റ്റല്ല, കിഡ്നാപ്പാണെന്ന് ആരോപിച്ച് പ്രമുഖ യൂട്യൂബർ ധ്രുവ് റാഠി. വീട്ടിൽ കടന്നുകയറി ആയുധധാരികളായ ആളുകൾ തന്നെ പിടിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും പ്രതിഷേധിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും ധ്രുവ് റാഠി പ്രതികരിച്ചു. സംഭവത്തിൽ പോലീസ് നടപടിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
രാവിലെ വീട്ടുവാതിൽ തുറന്നപ്പോൾ ആയുധധാരികളായ ആളുകളെയാണ് കണ്ടതെന്ന് ധ്രുവ് റാഠി പറഞ്ഞു. ചെരിപ്പ് ധരിക്കാൻ പോലും അനുവദിച്ചില്ലെന്നും എത്തിയവരിൽ പലരുടെയും വസ്ത്രത്തിൽ നെയിം പ്ലേറ്റ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അമ്പതിലധികം പോലീസുകാരും മറ്റുള്ളവരും വീട്ടിലെത്തിയെന്നാണ് ധ്രുവ് റാഠിയുടെ വെളിപ്പെടുത്തൽ.
താൻ ഇന്ത്യൻ പൗരനാണെന്നും രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും വ്യക്തമാക്കിയ ധ്രുവ് റാഠി, തന്റെ പാസ്പോർട്ട് ഉയർത്തിക്കാട്ടുകയും ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് ധ്രുവ് റാഠിയെയും സിജെപി നേതാവ് അഭിജിത് ദീപ്കെയെയും ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
സിജെപി നേതാക്കളായ അഭിജീത് ദിപ്കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ ഇന്ന് രാവിലെ ഡൽഹി കാന്റ് പോലീസ് സ്റ്റേഷനിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷമാണ് വിട്ടയച്ചത്. അതുവരെ അവർ എവിടെയാണെന്ന വിവരം പോലും പുറത്തുവന്നിരുന്നില്ല
