തിരുവനന്തപുരം : വിവാദമായ ചാർട്ടേഡ് വിമാനയാത്രയിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദത്തിന് കടകവിരുദ്ധമായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ സത്യവാങ്മൂലം. ലോകായുക്തയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വൈരുദ്ധ്യം പ്രകടമായത്.
നിലമ്പൂരിലെ പ്രളയ സമയത്ത് മുഖ്യമന്ത്രി നടത്തിയ അടിയന്തര യാത്രയ്ക്കായി ചിപ്സൺ കമ്പനിയുടെ ചാർട്ടേഡ് വിമാനം ലഭ്യമാക്കിയത് സർക്കാരിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് ഡിജിപി സത്യവാങ്മൂലത്തില്‍ പറയുന്നത്. മുന്‍ സേവനങ്ങളുടെ പശ്ചാത്തലത്തിലാണ് സൗകര്യം പ്രയോജനപ്പെടുത്തിയതെന്നും സൂചിപ്പിക്കുന്നു. എന്നാൽ, യാത്രയുടെ പൂർണ്ണ ചെലവുകൾ വഹിച്ചത് ഒരു സ്പോൺസർ ആണെന്നായിരുന്നു നേരത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നത്. സർക്കാരിന്റെ ഖജനാവിൽ നിന്ന് ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വിഷയത്തിൽ അഴിമതി നടന്നിട്ടില്ലെന്നും സർക്കാരിന് സാമ്പത്തിക നേട്ടമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍
ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പറഞ്ഞ സ്പോൺസർ ആരെന്ന കാര്യം പരാമർശിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ആരാണ് പണം നൽകിയതെന്നും സൂചനകളില്ല.
ദുരന്ത നിവാരണ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദുരന്തസ്ഥലം സന്ദര്‍ശിക്കേണ്ടത് കടമയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ, യാത്രയില്‍ മുഖ്യമന്ത്രിക്ക് സാമ്പത്തിക നേട്ടമോ സര്‍ക്കാരിന് നഷ്ടമോ ഉണ്ടായിട്ടില്ലെന്നും അഴിമതി നിരോധന നിയമ പ്രകാരം കുറ്റം നിലനില്‍ക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് കെ എം ഷാജഹാന്റെ പരാതി തള്ളണമെന്നും ആവശ്യപ്പെടുന്നു.
മുൻ കരാർ പ്രകാരം ചിപ്സൺ കമ്പനിക്ക് രണ്ടു വർഷത്തേക്ക് കൂടി കാലാവധി നീട്ടി നൽകാനുള്ള വ്യവസ്ഥയുണ്ടായിരുന്നെങ്കിലും
അതിന് സർക്കാർ തയ്യാറായിരുന്നില്ല. സെപ്റ്റംബറിൽ കരാർ കാലാവധി അവസാനിച്ച ശേഷം ആ കമ്പനിയെ വീണ്ടും പരിഗണിക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ ഡിജിപി ബോധിപ്പിക്കുന്നു. സർക്കാർ അഭ്യര്‍ത്ഥന പ്രകാരം വിമാനം റെഡിയാക്കുകയായിരുന്നു. എന്നാല്‍ ആരുടെ അഭ്യര്‍ത്ഥന എന്നോ ഹെലികോപ്റ്റര്‍ ആരുടേത് എന്നോ തുടങ്ങിയ കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ ഇല്ല. ഈ സത്യവാങ്മൂലം തള്ളിയാണ് ലോകായുക്ത സര്‍ക്കാരിനോട് വിശദീകരണം തേടിയത്.
സൗജന്യ വിമാനയാത്ര വിവാദത്തില്‍ കെ എം ഷാജഹാന് നല്കിയ ഹര്‍ജിയിലാണ് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ലോകായുക്ത നോട്ടീസ് അയച്ചത്.
മാസവാടക നിശ്ചയിച്ചുകൊണ്ടായിരുന്നു സർക്കാർ ചിപ്സന്റെ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നത്. യുഡിഎഫ് സർക്കാർ പഴയ നിലയിൽ കരാർ പുതുക്കുന്നതിന് പകരം ഉപയോഗിക്കുന്നതിന് വാടക നൽകാം എന്ന നിർദേശം വച്ചു. എന്നാൽ കരാർ കാലാവധി അവസാനിക്കാറായപ്പോൾ, മണിക്കൂറിന് മാത്രം പണം നൽകുന്ന രീതിയിൽ പുതിയ കണ്ടീഷനുകളോടെ അപേക്ഷ സമർപ്പിച്ച് കരാർ പുതുക്കാനുള്ള കമ്പനിയുടെ ഫയൽ ഫയൽ മുഖ്യമന്ത്രിയുടെ മുന്നിലിരിക്കെ കമ്പനിയിൽ നിന്ന് സൗജന്യ സേവനം സ്വീകരിച്ചത് അഴിമതിയാണെന്നാണ് ആരോപണം. ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍കുമാറിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. വിമാനയാത്ര അഴിമതിയാണെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. 2027 ജനുവരി 12നാണ് ഇനി ഹര്‍ജി പരിഗണിക്കുക.
