ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ഇന്നും തുടർന്ന് സിപിഐഎം. ഡൽഹി സിപിഐഎം ആസ്ഥാനമായ എകെജി ഭവന് മുന്നിൽ ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധത്തെ തടയാനുള്ള ഡൽഹി പോലീസിൻ്റെ നീക്കം സംഘർഷാവസ്ഥക്ക് വഴിവെച്ചു.
ദസ്റ ദിനത്തിൽ രാവണൻ്റെ കോലം കത്തിക്കുന്നതിന് സമാനമായ രീതിയിൽ പ്രതീകാത്മകമായാണ് രാജ്യത്തെ ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ ഗ്യാനേഷ് കുമാറിൻ്റെ കോലം കത്തിച്ചുള്ള സിപിഐഎം പ്രതിഷേധം. മുതിർന്ന നേതാക്കളായ ബൃന്ദാ കാരാട്ട്, സുഭാഷിണി അലി, ഹനൻ മൊല്ല, പോളിറ്റ് ബ്യൂറോ അംഗം വിജു കൃഷ്ണൻ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
