ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും രാജ്യതലസ്ഥാനത്തെ തെരുവുകൾ സമര വീഥിയാകും. രാവിലെ പത്ത് മണിക്ക് പ്രവര്‍ത്തകരോട് ജന്തര്‍മന്ദറിൽ എത്താന്‍ സിജെപി വക്താവ് അജിങ്ക്യ ഷിന്‍ഡെ ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധം കടുപ്പിക്കുമെന്ന് ഇടതുപാര്‍ട്ടികളും പ്രഖ്യാപിച്ചിട്ടുണ്ട്. പതിവ് പോലെ ഇന്നും ജന്തർ മന്ദർ കാക്കി കുപ്പായക്കാരുടെ വേദിയാകും.
എസ്എഫ്‌ഐ, ഐസ അടക്കമുളള വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്നും പ്രതിഷേധവുമായി രംഗത്തുണ്ടാവും. സിപിഐഎമ്മും സമര വീഥിയിലുണ്ടാവുമെന്ന് അറിയിച്ചിട്ടുണ്ട്. ഡല്‍ഹി പോലീസിന്റെ നരനായാട്ട് അവസാനിപ്പിച്ചില്ലെങ്കില്‍ അപ്രതീക്ഷിത സമരമുറകള്‍ കാണുമെന്നാണ് ഐസ നേതാവ് നേഹ ബോറയുടെ മുന്നറിയിപ്പ്.
അടച്ചുപൂട്ടിയ മെട്രോ സ്റ്റേഷനുകള്‍ തുറന്നെങ്കിലും പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് പോലീസ് കാവലിലാണ് പ്രവർത്തനം. ഇന്റര്‍നെറ്റും പുന:സ്ഥാപിച്ചു. എന്നാല്‍ ഗതാഗത നിയന്ത്രണ സാദ്ധ്യത പോലീസ് തള്ളിക്കളയുന്നില്ല.
അതേസമയം പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് റാങ്കെ തുടങ്ങിയ സിജെപി നേതാക്കളെക്കുറിച്ച് ഇതുവരെ യാതൊരു വിവരവും പുറത്തുവിട്ടിട്ടില്ല. നേതാക്കളുടെ പോലീസ് തടങ്കല്‍ ചോദ്യം ചെയ്ത് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഡല്‍ഹിയിലെ കടുത്ത പോലീസ് നിയന്ത്രണവും തടങ്കല്‍ നടപടികളും ചോദ്യം ചെയ്തുള്ള കോടതിയലക്ഷ്യ ഹര്‍ജികളും സുപ്രീംകോടതിയുടെ പ്രത്യേക ബെഞ്ച് പരിഗണിക്കും.
