റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം അഴിച്ചുവിട്ട് ഹൂതി വിമതര്‍. ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 309 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.
മരിച്ചവരില്‍ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് പൗരന്മാരും ഒരു പലസ്തീന്‍ പൗരനും ഉള്‍പ്പെടുന്നു. അമേരിക്ക, ഈജിപ്ത്, ജോര്‍ദാന്‍, സിറിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരും കൊല്ലപ്പെട്ടതായി സൗദി അധികൃതര്‍ അറിയിച്ചു.
പശ്ചിമേഷ്യയില്‍ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ യുദ്ധം തുടങ്ങിയ ശേഷം സൗദിക്ക് നേരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണമാണിത്. റിയാദിന് പിന്നാലെ ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഹൂതികള്‍ ആക്രമണം നടത്തി.
സൗദിയുടെ പോര്‍വിമാനങ്ങള്‍ പ്രത്യാക്രമണം നടത്തിയതായാണ് വിവരം. ആക്രമണത്തിനു പിന്നാലെ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. നാശനഷ്ടങ്ങള്‍ അധികൃതര്‍ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് റിയാദിലേക്കുള്ള വിമാന സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു. സൗദി അറേബ്യയിലെത്താൻ കഴിയാതെ വിദേശരാജ്യങ്ങളിൽ കുടുങ്ങിയ യാത്രക്കാർ സഹായത്തിനായി അതത് രാജ്യങ്ങളിലെ സൗദി നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടണമെന്ന് വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചു.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തെ തുടര്‍ന്ന് തന്നെ എയര്‍ ഇന്ത്യ, ആകാശ എയര്‍, ഇന്‍ഡിഗോ എന്നിവ സര്‍വ്വീസ് റദ്ദാക്കിയിരുന്നു. റിയാദ് വിമാനത്താവളത്തിന് നേരെ വ്യാഴാഴ്ചയുണ്ടായ ഹൂതി ആക്രമണങ്ങളില്‍ സൗദിയ എയര്‍ലൈന്‍സ് പൈലറ്റ് ഉള്‍പ്പെടെ മൂന്ന് സൗദി പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. സൗദിയ പൈലറ്റ് ക്യാപ്റ്റന്‍ ഹമൂദ് ബിന്‍ അലി അല്‍ ഖഥ്മിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ സ്വദേശികളും വിദേശികളുമായ നിരവധി ആളുകള്‍ക്ക് പരിക്കേറ്റിരുന്നു. വിമാനത്താവളത്തിന് നേരെ വീണ്ടും ഉണ്ടായ ആക്രമണം കൂടുതല്‍ സര്‍വ്വീസുകളെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
