Thursday, November 5, 2026

‘ജിഎൻഎ കരാറിൽ മുഖ്യമന്ത്രിയുടെ ന്യായീകരണത്തിന് പിന്നിൽ മറ്റ് താല്പര്യങ്ങൾ എന്ന് സംശയം’; പതിനൊന്ന് ചോദ്യങ്ങളുമായി എം ജി സുരേഷ്കുമാർ

Date:

തിരുവനന്തപുരം : ജിഎൻഎ കരാറിൽ മുഖ്യമന്ത്രിയുടെ ന്യായീകരണത്തിനു പിന്നിൽ മറ്റ് താല്പര്യങ്ങൾ എന്ന സംശയമെന്ന് എം ജി സുരേഷ് കുമാർ. ഒപ്പം, മുഖ്യമന്ത്രിയോട് പതിനൊന്ന് ചോദ്യങ്ങളും കെഎസ്ഇബി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയറായ ഇദ്ദേഹം മുന്നോട്ട് വെയ്ക്കുന്നുണ്ട്. കരാർ സംബന്ധിച്ച ചില ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സുരേഷ് കുമാർ ആവശ്യപ്പെടുന്നു

എം ജി സുരേഷ് കുമാറിൻ്റെ ഫെയ്സ്ബുക്ക് കുറിപ്പും അതിൽ ഉയർത്തിയ മുഖ്യമന്ത്രിയോടുള്ള പതിനൊന്നു ചോദ്യങ്ങളും –

ജി.എൻ.എ. വൈദ്യുതിക്കരാറുമായി ബന്ധപ്പെട്ട് ഇന്നുനടന്ന പത്രസമ്മേളനത്തിൽ ബഹു മുഖ്യമന്ത്രി നടത്തിയ ന്യായീകരണം ഈ കരാറിൽ പിന്നിൽ അദ്ദേഹത്തിന് വലിയ താൽപര്യമുണ്ടെന്ന് വ്യക്തമാക്കുന്നു. ഏറെ ദുരൂഹമായ ഈ കരാർ സംബന്ധിച്ച് ചില ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞേ തീരൂ.

1. രാജമാണിക്യം ഐ.എ.എസ്. ജി.എൻ.എ. വിഷയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതു ശരിയാണെങ്കിൽ ഈ കരാർ ഉണ്ടാക്കുന്ന നഷ്ടം സംബന്ധിച്ച് കെ.എസ്.ഇ.ബി. സർക്കാരിന് നൽകിയ റിപ്പോർട്ടുകൾ എവിടെപ്പോയി? ആരാണ് ആ റിപ്പോർട്ടുകൾ മുക്കിയത്?

1. രാജമാണിക്യം ഐ.എ.എസ്. വിയോജിപ്പ് രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, ജി.എൻ.എ. വിഷയവുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും, രാജമാണിക്യത്തിന്റെ കുറിപ്പുകളും അടങ്ങിയ ഫയൽ ഉടൻ പുറത്തുവിടാൻ സർക്കാർ തയ്യാറാണോ?

1. കെ.എസ്.ഇ.ബി.യുടെ ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പ്രകാരം ഹിമാചൽ സംവിധാനത്തിലൂടെ പീക്ക് സമയത്ത് 864 മുതൽ 1280 മെഗാവാട്ട് വരെ വൈദ്യുതി ലഭിക്കുമ്പോൾ ജി.എൻ.എ. ഓഫർ 500 മെഗാവാട്ടിൽ പരിമിതപ്പെടുന്നു. എന്നാൽ ജി.എൻ.എ. കൂടുതൽ പീക്ക് വൈദ്യുതി നൽകുമെന്ന മുഖ്യമന്ത്രിയുടെ വാദത്തിന്റെ അടിസ്ഥാന രേഖ എന്താണ്?

1. കെ.എസ്.ഇ.ബിയോ റഗുലേറ്ററി കമ്മീഷനോ നൽകാത്ത ഒരു കണക്ക് ബഹു മുഖ്യമന്ത്രിക്ക് എവിടെ നിന്നാണ് കിട്ടിയത്? അതിന്റെ അടിസ്ഥാനമെന്താണ്?

1. ഹിമാചൽ ഓഫർ സ്വീകരിച്ചിരുന്നെങ്കിൽ 2000 കോടിയിലധികം രൂപയുടെ ബാധ്യത വരുമെന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ കെ.എസ്.ഇ.ബി.യുടെ കണക്ക് പ്രകാരം ഹിമാചൽ സംവിധാനത്തിന്റെ ചെലവ് 1105 കോടി രൂപ മാത്രമാണ്. യൂണിറ്റിന് 14.50 രൂപ നിരക്കായാലും 1281 കോടി രൂപ മാത്രമേ ആകൂ. 1281 കോടി രൂപ കൊടുക്കുമ്പോൾ എങ്ങിനെയാണ് 2000 കോടിയിലധികം നഷ്ടം വരുക. മറിച്ച് ജി.എൻ.എ. ഓഫറും അതുമൂലമുണ്ടാകുന്ന അധിക പീക്ക് വൈദ്യുതി വാങ്ങലും ചേർന്നാൽ 2008 കോടി രൂപയ്ക്ക് മുകളിലാണ് ചെലവ്. അപ്പോൾ മുഖ്യമന്ത്രിയുടെ എങ്ങിനെയാണ് ജി.എൻ.എ. ലാഭവും ഹിമാചൽ നഷ്ടവും ആകുന്നത്?

1. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ വിലയിരുത്തൽ പ്രകാരംസർക്കാർ അവകാശപ്പെടുന്നതുപോലെ സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുന്നില്ല. അങ്ങനെയിരിക്കെ അധിക വൈദ്യുതി വാങ്ങാൻ സർക്കാർ ഇത്ര അസാധാരണമായ താൽപര്യം കാണിക്കുന്നത് എന്തിനാണ്?

1. വൈദ്യുതി നിയമത്തിലെ സെക്ഷൻ 62, 63 പ്രകാരം ടെണ്ടറിലൂടെയോ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച സംവിധാനത്തിലൂടെയോ മാത്രമേ വില നിർണയിക്കാനാകൂ. ജി.എൻ.എ. ഓഫറിലെ 8.63 രൂപ നിരക്ക് ഏത് നിയമപരമായ വിലനിർണയ സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് നിശ്ചയിക്കപ്പെട്ടത്?

1. നിയമത്തിൽ വ്യവസ്ഥയില്ലാതെ വൈദ്യുതി വാങ്ങാൻ വൈദ്യുതി നിയമത്തിലെ സെക്ഷൻ 108 പ്രകാരം നയപരമായ നിർദ്ദേശം കൊടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിലനിൽക്കുമോ? ഒരു നിയമത്തിലെ ഏതെങ്കിലും സെക്ഷനിലെ വ്യവസ്ഥകളെ മറ്റൊരു സെക്ഷൻ ഉപയോഗിച്ച് മറികടക്കാൻ കഴിയുമോ? സെക്ഷൻ 108 സംബന്ധിച്ച് സുപ്രീം കോടതിയടക്കം നടത്തിയിട്ടുള്ള റൂളിംഗിന് വിരുദ്ധമായി എങ്ങിനെയാണ് സർക്കാരിന് പ്രവർത്തിക്കാനാകുക?

1. ജി.എൻ.എ. ഒരു വൈദ്യുതി ഉൽപാദന കമ്പനിയല്ല, ലൈസൻസുള്ള വൈദ്യുതി ട്രേഡറുമല്ല. ഒരു ഒ.ടി.സി. ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമാണ്. അപ്പോൾ ജി.എൻ.എ.യുടെ പേരിൽ എങ്ങിനെയാണ് വൈദ്യുതി ഓഫർ ചെയ്യുക്? അതിന് അവർക്ക് നിയമപരമായി എന്ത് അധികാരമാണുള്ലത്? ഈ ഓഫറിന് പിന്നിലെ യഥാർത്ഥ ജനറേറ്റർ ആരാണ്? ആ വിവരം എന്തുകൊണ്ടാണ് ഇതുവരെ വെളിപ്പെടുത്താത്തത്?

1. യഥാർത്ഥ ജനറേറ്ററുടെ പേര് വ്യക്തമല്ല, ടെണ്ടർ നടന്നിട്ടില്ല, റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അംഗീകാരം ഇല്ല, കെ.എസ്.ഇ.ബി. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടി എതിർക്കുന്നു. ഈ സാഹചര്യത്തിൽ ജി.എൻ.എ. ഓഫറിനെ പ്രതിരോധിക്കാൻ മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തിറങ്ങേണ്ട സാഹചര്യം എന്തുകൊണ്ടാണ് ഉണ്ടായത്?

1. ജി.എൻ.എ. ഒ.ടി.സി. കേന്ദ്ര റഗുലേറ്ററി കമ്മീഷന്റെ അഭ്യന്തര രേഖകൾ ദുരുപയോഗം ചെയ്തതിനാൽ അന്വേഷണവും നടപടികളും നേരിടുന്ന സ്ഥാപനമാണെന്ന് മുഖ്യമന്ത്രിക്കറിയുമോ? ഇങ്ങിനെ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന ഒരു കമ്പനിയുടെ ഓഫർ ന്യായീകരിക്കാൻ മുഖ്യമന്ത്രിക്കുള്ള ബാധ്യത എന്താണ്?

Share post:

Popular

More like this
Related

ട്രംപിൻ്റെ ‘ജിഹാദി’ പുതുചരിത്രമെഴുതി ; അബ്ദുൽ എൽ സയീദ് അമേരിക്കയിലെ ആദ്യ മുസ്ലീം സെനറ്റർ!

വാഷിങ്ടൺ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപും മൈക്ക് റോജേഴ്‌സും മുസ്ലീം...

‘മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിവെച്ചാൽ ലൈസന്‍സ് റദ്ദാക്കാം, വിചാരണക്ക്  കാത്തിരിക്കേണ്ട’ – ഹൈക്കോടതി

കൊച്ചി : മദ്യപിച്ച് വാഹനം ഓടിച്ച് അപകടം വരുത്തിവെയ്ക്കുന്നവരുടെ ലൈസന്‍സ് ഉടൻ...

കൊച്ചിയിൽ ബസ്സുകളുടെ മരണപ്പാച്ചിൽ തുടർക്കഥ;  സ്വകാര്യ ബസ് ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഡ്രൈവർ അറസ്റ്റിൽ

കൊച്ചി : കൊച്ചിയിൽ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ തുടർക്കഥയായിട്ടും അധികൃതർക്ക് കുലക്കമില്ല...