വാഷിങ്ടൺ : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപും മൈക്ക് റോജേഴ്‌സും മുസ്ലീം സ്വത്വം ചൂണ്ടിക്കാട്ടി ആരോപണങ്ങൾ ഉന്നയിച്ച് തളർത്താൻ ശ്രമിച്ച ഡെമോക്രാറ്റിക് പാർട്ടി നേതാവ് അബ്ദുൽ എൽ സയീദ് അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ അദ്ധ്യായം എഴുതിച്ചേർത്തു. അമേരിക്കയിലെ ആദ്യ മുസ്ലീം സെനറ്റർ എന്ന ഖ്യാതി ഇനി അബ്ദുൽ എൽ സയീദിന് സ്വന്തം!
ഇടക്കാല തെരഞ്ഞെടുപ്പിൽ മിഷിഗണിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് റോജേഴ്‌സിനെതിരെ വിജയം നേടിക്കൊണ്ടാണ് സയീദ് ചരിത്ര നായകനായത്. മുൻ സെനറ്റർ ഗാരി പീറ്റേഴ്‌സ് വിരമിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കായിരുന്നു മത്സരം. ഇദ്ദേഹത്തിന് മുസ്‌ലിം ബ്രദർഹുഡുമായി ബന്ധമുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഡൊണാൾഡ് ട്രംപിൻ്റെ പ്രധാന ആരോപണം. എന്നാൽ, ആരോപണങ്ങൾക്ക് തെളിവില്ലെന്നും പരാമർശങ്ങൾ മുസ്‌ലിം വിരുദ്ധമാണെന്നും ഡെമോക്രാറ്റിക് നേതാക്കൾ അതേ നാണയത്തിൽ തിരിച്ചടിച്ചിരുന്നു. അബ്ദുൽ എൽ സയീദിലൂടെ അമേരിക്കൻ സെനറ്റിലുണ്ടായ മുസ്‌ലിം പ്രാതിനിധ്യം 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിക്ക് നിർണ്ണായകമായ നേട്ടത്തിന് വഴിയൊരുക്കിയേക്കും .
ഈജിപ്ഷ്യൻ കുടിയേറ്റക്കാരുടെ മകനായ അബ്ദുൽ എൽ സയീദ് ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമന വിഭാഗത്തിന്റെ പ്രധാന മുഖമാണ്. പൊതുജനാരോഗ്യ വിദഗ്ധനും എപ്പിഡെമിയോളജിസ്റ്റുമായ ഈ 42 കാരൻ, മിഷിഗണിലെ വെയ്ൻ കൗണ്ടി ഹെൽത്ത് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. സാധാരണക്കാരുടെ ജീവിതച്ചെലവ് കുറയ്ക്കുക, ആരോഗ്യപരിരക്ഷ എല്ലാവർക്കും ലഭ്യമാക്കുക, രാഷ്ട്രീയത്തിൽ കോർപറേറ്റ് സ്വാധീനം നിയന്ത്രിക്കുക തുടങ്ങിയ വിഷയങ്ങൾക്ക് പ്രാധാന്യം നൽകിയാണ് അദ്ദേഹം തെരഞ്ഞെടുപ്പിനെ നേരിട്ടത്.
എല്ലാവർക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന ‘മെഡികെയർ ഫോർ ഓൾ’ പദ്ധതിയും അദ്ദേഹത്തിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു. നിരൂപകരുടെയും ആരോഗ്യ പ്രവർത്തകരുടെയും പുരോഗമനവാദികളുടെയും ഇടയിൽ മികച്ച സ്വീകാര്യത നേടിയ ‘Medicare for All – A Citizen’s Guide’ എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.
