ന്യൂയോർക്ക് : ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയായി അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പ്. സെനറ്റിൻ്റേയും ജനപ്രതിനിധി സഭയുടേയും പൂർണ്ണ നിയന്ത്രണം കയ്യാളി
ഡെമോക്രാറ്റുകൾ. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉറച്ച സീറ്റുകൾ പോലും ഡെമോക്രാറ്റുകളുടെ തേരോട്ടത്തിൽ കടപുഴങ്ങിവീണു. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയടക്കം റിപ്പബ്ലിക്കൻ പാർട്ടിയിലെ ഒട്ടേറെ പ്രമുഖർക്ക് കാലിടറി. അതേസമയം മറുപുറത്ത്, ഡെമോക്രാറ്റിക് പാർട്ടിയിലെ കീഷ ലാൻസ് ബോട്ടംസ്, ഡെബ് ഹാലാൻഡ്, ജിന ഹിനോജോസ, ആമി ക്ലോബുച്ചർ എന്നിവർ ഗവർണർ തെരഞ്ഞെടുപ്പുകളിൽ വിജയിച്ച് ചരിത്രമെഴുതി. പെഗ്ഗി ഫ്ലാനഗനും ക്രിസ് പാപ്പാസും സെനറ്റിൽ പുതിയ അദ്ധ്യായം രചിച്ചു.
യുഎസ് ചരിത്രത്തിലെ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിതാ ഗവർണർ, ഒരു സംസ്ഥാനത്തെ നയിക്കുന്ന ആദ്യത്തെ തദ്ദേശീയ അമേരിക്കൻ (നേറ്റീവ് അമേരിക്കൻ) വനിത, ടെക്സസിലെ ആദ്യത്തെ ലാറ്റിന ഗവർണർ, യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പരസ്യമായ സ്വവർഗാനുരാഗിയായ പുരുഷൻ എന്നിവർ ഇടക്കാല തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറി. റിപ്പബ്ലിക്കൻ പാർട്ടിയിലെ ബൈറൺ ഡൊണാൾഡ്സ് ഫ്ലോറിഡയുടെ ആദ്യത്തെ കറുത്ത വർഗക്കാരനായ ഗവർണറായി.
ദശകങ്ങളായി റിപ്പബ്ലിക്കൻ പാർട്ടി അധികാരത്തിലിരുന്ന സംസ്ഥാനങ്ങളിൽ ഡെമോക്രാറ്റുകൾ സ്വന്തമാക്കിയ വിജയം ട്രംപിനും കൂട്ടർക്കും കനത്ത തിരിച്ചടിയായി. അറ്റ്ലാന്റ മുൻ മേയർ കീഷ ലാൻസ് ബോട്ടംസ് അമേരിക്കയുടെ ചരിത്രത്തിൽ ഗവർണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ കറുത്ത വർഗക്കാരിയായ വനിതയായി. റിപ്പബ്ലിക്കൻ പാർട്ടിയിലെ റിക്ക് ജാക്സനെ പരാജയപ്പെടുത്തിയ അവർ 1998ന് ശേഷം ആദ്യമായി ജോർജിയയുടെ ഗവർണർ സ്ഥാനം ഡെമോക്രാറ്റുകൾക്ക് നേടിക്കൊടുത്തു. ഈ വിജയത്തോടെ ജോർജിയയുടെ ചരിത്രത്തിൽ ഗവർണർ പദവിയിലെത്തുന്ന ആദ്യ ‘വർണ വിഭാഗത്തിൽ’ (person of colour) പെട്ട വ്യക്തിയായി ബോട്ടംസ് മാറി. ഇതിന് മുൻപ് ജോർജിയയിൽ ഗവർണർമാരായ 83 പേരും വെള്ളക്കാരായ പുരുഷന്മാരായിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു
ഡെമോക്രാറ്റ് ജോൺ ഓസോഫ് സെനറ്റിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ജോർജിയയിൽ നിന്നുള്ള ആദ്യത്തെ കറുത്ത വർഗക്കാരനായ സെനറ്റർ റാഫേൽ വാർനോക്കിനൊപ്പമായിരിക്കും അദ്ദേഹം പ്രവർത്തിക്കുക. ഈ സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ജൂത സെനറ്ററാണ് ഓസോഫ് എന്നാണ് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്.
റിപ്പബ്ലിക്കൻ പാർട്ടിയിലെ ബൈറൺ ഡൊണാൾഡ്സ് ഫ്ലോറിഡയുടെ ആദ്യത്തെ കറുത്ത വർഗക്കാരനായ ഗവർണറായി മാറി. അധികാരത്തിലിരുന്ന ഏക കറുത്ത വർഗക്കാരനായ ഗവർണറായിരുന്ന മേരിലാൻഡ് ഗവർണർ വെസ് മൂർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
ഡെബ് ഹാലാൻഡ് ഗവർണറാകുന്ന ആദ്യ തദ്ദേശീയ അമേരിക്കൻ (നേറ്റീവ് അമേരിക്കൻ) വനിത. ന്യൂ മെക്സിക്കോയിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്രെഗ് ഹള്ളിനെയാണ് പരാജയപ്പെടുത്തിയത്. ഒരു യുഎസ് സംസ്ഥാനത്തിന്റെ ഗവർണറായി തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ തദ്ദേശീയ അമേരിക്കൻ വനിതയായി ഡെബ് ഹാലാൻഡ് മാറി. ലഗുണ പ്യൂബ്ലോ (Laguna Pueblo) ഗോത്രവിഭാഗത്തിൽപ്പെട്ട ഹാലാൻഡ്, 2018ൽ കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ രണ്ട് തദ്ദേശീയ അമേരിക്കൻ വനിതകളിൽ ഒരാളായിരുന്നു. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടത്തിൽ ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ടെക്സസിലെ ആദ്യ ലാറ്റിന തെരഞ്ഞെടുക്കപ്പെട്ട ഗവർണറായി ഡെമോക്രാറ്റിക് ഗിന ഹിനോജോസ ചരിത്രം സൃഷ്ടിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഗ്രെഗ് ആബോട്ടിനെ തോൽപ്പിച്ചായിരുന്നു വിജയക്കൊടി പാറിച്ചത്. ഡെമോക്രാറ്റിക് ആമി ക്ലോബുച്ചർ മിനസോട്ടയുടെ ഗവർണർ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ മിനസോട്ട സംസ്ഥാനത്തിന്റെ ആദ്യ വനിതാ ഗവർണറായി. മിനസോട്ട ഹൗസ് സ്പീക്കറായിരുന്ന ലിസ ഡെമത്തിനെയാണ് പരാജയപ്പെടുത്തിയത്.
പെഗ്ഗി ഫ്ലാനഗൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ തദ്ദേശീയ അമേരിക്കൻ വനിതയായി. മിനസോട്ട ലെഫ്റ്റനന്റ് ഗവർണർ പെഗ്ഗി ഫ്ലാനഗൻ യുഎസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ തദ്ദേശീയ അമേരിക്കൻ വനിതയായി. റിപ്പബ്ലിക്കൻ പാർട്ടിയിലെ മിഷേൽ ടാഫോയയെ ആണ് പരാജയപ്പെടുത്തിയത്.
ആദം ഹാമിൽട്ടൺ 1932ന് ശേഷം കൻസാസിൽ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡെമോക്രാറ്റ് ആയി. 1932ന് ശേഷം കൻസാസിൽ യുഎസ് സെനറ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി നേടുന്ന ആദ്യ വിജയമാണ്. ജെയിംസ് തലറിക്കോ 1988ന് ശേഷം ടെക്സാസിൽ നിന്ന് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡെമോക്രാറ്റ് അംഗമായി. ടെക്സാസ് സെനറ്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി ജെയിംസ് തലറിക്കോ വിജയിച്ചു. 1988ൽ ലോയ്ഡ് ബെന്റ്സെൻ വിജയിച്ചതിന് ശേഷം യുഎസ് സെനറ്റിൽ ടെക്സാസിനെ പ്രതിനിധീകരിക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഡെമോക്രാറ്റാണ് അദ്ദേഹം.
ആനി ആൻഡ്രൂസ് സൗത്ത് കരോലിനയെ പ്രതിനിധീകരിച്ച് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയായി. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ മരണത്തെത്തുടർന്ന് ആ ഒഴിവിലേക്ക് നിയമിക്കപ്പെട്ട റിപ്പബ്ലിക്കൻ പാർട്ടിയിലെ ഡാർലിൻ ഗ്രഹാമിനെയാണ് അവർ പരാജയപ്പെടുത്തിയത്. ക്രിസ് പാപ്പാസ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്വവർഗാനുരാഗിയാണ്. കോൺഗ്രസിലെ ഇരുസഭകളിലും സേവനമനുഷ്ഠിച്ചിട്ടുള്ള മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ ഇ സുനുനുവിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.
