വാഷിങ്ടൺ : ഇറാനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ നീക്കങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയൻ. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ്
‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പേരിലുള്ള യുഎസ് ഉപരോധ നീക്കങ്ങളിൽ യൂറോപ്യൻ യൂണിയൻ ഔദ്യോഗികമായി പങ്കാളികളായെന്നാണ് സ്കോട്ട് ബെസ്സെന്റിൻ്റെ എക്സ് പോസ്റ്റ്.
ഇറാന്റെ സാമ്പത്തിക സ്രോതസ്സുകളെയും ആഗോള സാമ്പത്തിക ശൃംഖലകളെയും തടയുക എന്നതാണ് യു എസ് ഉപരോധങ്ങളുടെ ലക്ഷ്യം. ഇറാനിയൻ ഭരണകൂടത്തിന് ലഭിക്കുന്ന അവസാന സാമ്പത്തിക പിന്തുണയും വിച്ഛേദിക്കാൻ യുഎസ് ലോകരാജ്യങ്ങളുമായി നയതന്ത്ര നീക്കങ്ങളിലേർപ്പെടും. എണ്ണക്കടത്തിനായി ഇറാൻ ഉപയോഗിക്കുന്ന ശൃംഖലകളെ യുഎസ് തടയുകയോ നിർവ്വീര്യമാക്കുകയോ ചെയ്യും. ഇതിനുപയോഗിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളെ തകർക്കും. ഷിപ്പിങ് മേഖലയ്ക്കു മേൽ ഉപരോധം ശക്തമാക്കും.
ആഗോളതലത്തിൽ ഇറാൻ പരിപൂർണ്ണമായ ഒറ്റപ്പെടലിലേക്ക് പോകുമെന്നും, അത് ഒഴിവാക്കണമെങ്കിൽ തങ്ങളുടെ താല്‍പ്പര്യങ്ങളോട് ചേരണമെന്നുമാണ് യുഎസിന്റെ ആവശ്യം. ഇതുവഴി ആഗോള സാമ്പത്തിക വ്യവസ്ഥയിലേക്ക് തിരിച്ചുവരാൻ ഇറാന് സാധിക്കുമെന്ന് ബെസ്സെന്റ് വ്യക്തമാക്കി.
അതെസമയം യുഎസ് അവകാശപ്പെടുന്ന അളവിൽ ഉപരോധങ്ങൾ കൊണ്ടുവരാൻ യൂറോപ്യൻ യൂണിയൻ തയ്യാറാണോയെന്ന സംശയം നിലനിൽക്കുന്നുമുണ്ട്. ഇറാന് മേൽ പരമാവധി സാമ്പത്തിക സമ്മർദ്ദം ചെലുത്താൻ യുഎസുമായി കൈകോർക്കുമ്പോഴും, പശ്ചിമേഷ്യയിൽ കൂടുതൽ വലിയൊരു യുദ്ധ സാഹചര്യം ഒഴിവാക്കാൻ നയതന്ത്ര ചർച്ചകൾക്ക് തന്നെയാണ് യൂറോപ്യൻ യൂണിയൻ മുൻഗണന നൽകുന്നത്. ടെഹ്റാനെതിരെയുള്ള സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുന്നതിനൊപ്പം, നയതന്ത്ര ചർച്ചകളും സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങളും തുടരണമെന്ന നിലപാടാണ് യൂറോപ്യൻ യൂണിയൻ മുന്നോട്ടുവെക്കുന്നത്. എന്നാൽ ഇവ രണ്ടും എങ്ങനെ ഒരുമിച്ച് മുമ്പോട്ട് കൊണ്ടുപോകാൻ കഴിയുമെന്നതിന് ഏതെങ്കിലും മാർഗ്ഗരേഖ യൂറോപ്യൻ യൂണിയൻ നിലവിൽ മുമ്പോട്ടു വെച്ചിട്ടുമില്ല.
ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈൽ പദ്ധതികളെ സംബന്ധിച്ചാണ് യൂറോപ്യൻ യൂണിയൻ്റെ ആശങ്കയത്രയും. റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തിന് ഇറാൻ സൈനിക പിന്തുണ നൽകുന്നുവെന്നും, അവർ സ്വന്തം ജനങ്ങളെ അടിച്ചമർത്തുന്നുവെന്നും യൂറോപ്യൻ യൂണിയൻ സംശയിക്കുന്നു. സാമ്പത്തിക ഉപരോധങ്ങൾക്കപ്പുറം ഹോർമുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ കപ്പൽ ഗതാഗതത്തിന് നയതന്ത്ര ചർച്ചകൾ അത്യന്താപേക്ഷിതമാണെന്നാണ് യൂറോപ്യൻ യൂണിയൻ്റെ വാദം.
