കൽപ്പറ്റ : വയനാട്ടിലേക്ക് അതിവേഗ റെയിൽപാത എത്തുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ. അതിവേഗ റെയിൽ പദ്ധതിയുടെ ഒന്നാംഘട്ടം കോഴിക്കോട് നിന്ന് സുൽത്താൻബത്തേരിയിലേക്ക് 35 മിനുട്ടിൽ എത്താൻ കഴിയുന്ന തരത്തിലാണ് നിർമ്മിക്കുകയെന്ന് ഇ ശ്രീധരൻ പറഞ്ഞു. റെയിൽ പദ്ധതി സംബന്ധിച്ച് ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തിയ പഠന റിപ്പോർട്ട് സുൽത്താൻബത്തേരിയിൽ നടന്ന പരിപാടിയിൽ വിശദീകരിക്കുകയായിരുന്നു ശ്രീധരൻ.
കോഴിക്കോട് – സുൽത്താൻബത്തേരി അതിവേഗത പാതയ്ക്ക് 72 കിലോമീറ്റർ നീളം വരും. കോഴിക്കോട് നിന്ന് ആരംഭിച്ച് കൊടുവള്ളി – അടിവാരം – കൽപ്പറ്റ – സുൽത്താൻബത്തേരി വഴിയാണ് പാത കടന്നുപോകുന്നത്. മണിക്കൂറിൽ ട്രെയിനിൻ്റെ പരമാവധി വേഗത 200 കിലോമീറ്ററാകും. പാത യാഥാർഥ്യമായാൽ 35 മിനിറ്റ് കൊണ്ട് കോഴിക്കോട് – സുൽത്താൻബത്തേരി യാത്ര സാദ്ധ്യമാകും. 150 രൂപയായിരിക്കും കോഴിക്കോട് – സുൽത്താൻബത്തേരി യാത്രയ്ക്കുള്ള ടിക്കറ്റ് നിരക്ക്.
തുരങ്കപാതയാണ് ഇ ശ്രീധരൻ വിഭാവനം ചെയ്യുന്നത്. ജനജീവിതത്തെ ബാധിക്കാത്ത തരത്തിൽ മേൽപ്പാലങ്ങളും തുരങ്കങ്ങളും വഴിയാണ് പാത കടന്നുപോവുക. കോഴിക്കോട് നിന്ന് അടിവാരം വരെ മേൽപ്പാലത്തിലൂടെ എത്തുന്ന അതിവേഗറെയിൽ പിന്നീട് കൽപ്പറ്റവരെ തുരങ്കത്തിലൂടെയാണ് കടന്നുപോവുക. 20 കിലോമീറ്റർ ദൂരമായിരിക്കും തുരങ്കപാത.
ഇരട്ട തുരങ്കപാതയാണ് വയനാട്ടിലേക്ക് നിർമിക്കുക. പോകുന്നതിനും വരുന്നതിനുമായി രണ്ട് തുരങ്കങ്ങൾ ഉണ്ടായിരിക്കും. തുരങ്കം വഴിയുള്ള പാതയായതിനാൽ പാരിസ്ഥിതികാഘാതങ്ങൾ കുറവാകുമെന്നാണ് ഇ ശ്രീധരൻ പറയുന്നത്.
സാധാരണ പാറപൊട്ടിച്ച് തുരങ്കമുണ്ടാക്കുന്ന രീതിയിൽനിന്ന് വ്യത്യസ്തമായി ടണൽ ബോറിങ് മെഷീൻ ഉപയോഗിച്ച് പാറതുരന്നാകും തുരങ്കം നിർമിക്കുക. ഇത് മണ്ണിടിയുന്നതും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും ഇല്ലാതാക്കും. റെയിൽവേ പദ്ധതികൾക്ക് പാരിസ്ഥിതികാനുമതികളുടെ ആവശ്യമില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.
നേരത്തെ അതിവേഗ റെയിൽ പദ്ധതിയുടെ മൂന്നാംഘട്ടമാണ് വയനാട്ടിലേക്ക് നിശ്ചയിച്ചിരുന്നത്. എന്നാൽ ഇത് മാറ്റി ഒന്നാംഘട്ടത്തിൽ വയനാടിലേക്ക് നിർമ്മിക്കുമെന്നാണ് ഇ ശ്രീധരൻ വ്യക്തമാക്കുന്നത്. ആദ്യത്തെ തീരുമാനപ്രകാരം ആദ്യഘട്ടം തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും രണ്ടാംഘട്ടം കണ്ണൂരിൽ നിന്ന് കാസർഗോഡേക്കും മൂന്നാംഘട്ടത്തിൽ കോഴിക്കോട്ടുനിന്ന് ബത്തേരിയിലേക്കുമായിരുന്നു. എന്നാൽ, ജില്ലയിലെ യാത്രാക്ലേശം മനസ്സിലാക്കി ഒന്നാംഘട്ടം കോഴിക്കോട് – സുൽത്താൻബത്തേരി പാതയാക്കി മാറ്റുകയുമായിരുന്നെന്ന് ഇ ശ്രീധരൻ പറഞ്ഞു.
15,000 കോടി രൂപ ചെലവുവരുന്ന പദ്ധതി നാലുവർഷം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മൊത്തം ചെലവിൻ്റെ 30 ശതമാനം സംസ്ഥാന സർക്കാരും 30 ശതമാനം കേന്ദ്രസർക്കാരും വഹിക്കും. ബാക്കി വരുന്ന 40 ശതമാനം പണം പൊതുജനങ്ങളിൽ നിന്ന് ഓഹരി നൽകി സമാഹരിക്കും. സർക്കാരിനോട് ആവശ്യപ്പെട്ട അഞ്ചുകോടി രൂപ ലഭ്യമാകുന്ന മുറയ്ക്ക് ഡിപിആർ നടപടികൾ ആരംഭിക്കുമെന്നും ശ്രീധരൻ അറിയിച്ചു.
