തിരുവനന്തപുരം : പവർകട്ട് ഒഴിവാക്കാൻ കുറഞ്ഞ വിലയ്ക്ക് ദീർഘ കാലത്തേക്ക് വൈദ്യുതി ലഭിക്കാൻ അവസരമുണ്ടായിട്ടും കൂടിയ വിലക്കുള്ള വൈദ്യുതി വാങ്ങാനുള്ള കെഎസ്ഇബിയുടേയും സർക്കാരിൻ്റെയും തീരുമാനത്തെ ഇരുട്ടിൻ്റെ മറവിൽ നടക്കുന്ന കൊള്ളയാണെന്ന് ആരെങ്കിലും സംശയിച്ചാൽ കുറ്റം പറയാനാവില്ല. കുറഞ്ഞ വിലയ്ക്ക് ദീർഘ കാലത്തേക്ക് വൈദ്യുതി ലഭിക്കാനുള്ള കരാറിൽ ഉടൻ ഒപ്പ് വെയ്ക്കണമെന്ന് റെഗുലേറ്ററി കമ്മീഷന്റെ നിർദ്ദേശം നിലനിൽക്കെയാണ് ഈ ഒളിച്ചുകളി എന്നതും ശ്രദ്ധേയമാണ്.
മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുത നിലയത്തിൽ നിന്ന് യൂണിറ്റിന് അഞ്ച് രൂപ 18 പൈസ നിരക്കിൽ 25 വർഷത്തേക്ക് 530 മെഗാ വാട്ട് വൈദ്യുതി ലഭിക്കുന്ന കരാറാണ് ഇപ്പോൾ കെഎസ്ഇബിക്ക് മുന്നിലുള്ളത്. 270 മെഗാവാട്ട് വൈദ്യുതി വെറും അഞ്ച് രൂപ 18 പൈസ നിരക്കിൽ ജനുവരി മുതൽ കേരളത്തിന് തരാമെന്ന് മുൻ കെഎസ്ഇബി ചെയർമാൻ രാജമാണിക്യത്തിനാണ് ഉറപ്പ് ലഭിച്ചിരുന്നത്. ഇതിൽ ഒപ്പ് വെയ്ക്കാതെയാണ് കൂടിയ വിലക്കുള്ള വൈദ്യുതി വാങ്ങാൻ സർക്കാർ ഒരുങ്ങുന്നത്.
2027 ജനുവരി മുതൽ സംസ്ഥാനത്തിന്
ലഭ്യമാകുന്ന വൈദ്യുതി മാർച്ച് ആകുമ്പോഴേക്കും 540 മെഗാവാട്ട് വൈദ്യുതിയായി ഉയരും. ഇതോടെ കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് വലിയൊരളവ് വരെ പരിഹാരമാകും. സിന്നാർ കരാറിൽ ഒപ്പുവെക്കുന്നതോടെ വലിയ സാമ്പത്തിക നേട്ടം കെഎസ്ഇബിയക്കുണ്ടാകും. 25 വർഷത്തേക്കുള്ള കാലാവധിയിൽ ചുരുങ്ങിയ വിലയ്ക്ക് ലഭിയ്ക്കാൻ സാദ്ധ്യതയുള്ള വൈദ്യുതി നഷ്ടപ്പെടുത്തുമോ എന്നുള്ളതാണ് ഉയരുന്ന പ്രധാന ആശങ്ക.
ടെൻഡർ പോലുമില്ലാതെ സ്വകാര്യ പ്ലാറ്റ്ഫോമായ ജി.എൻ.എ. എനർജിയിൽ നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നിലവിൽ വിവാദമായ സാഹചര്യത്തിൽ കൂടിയാണ് മഹാരാഷ്ട്രയിലെ സിന്നാർ താപവൈദ്യുത നിലയത്തിൽ നിന്നും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കാവുന്ന കരാർ ഒപ്പിടാതെ മാറ്റിവെയ്ക്കപ്പെടുന്നത് വീണ്ടും സംശയത്തിന് ഇടനൽകുന്നത്.
