ഏദൻ : യെമൻ സർക്കാരിന്റെ ഔദ്യോഗിക ആസ്ഥാനമായ ഏദനിലുള്ള പ്രസിഡൻഷ്യൽ കൊട്ടാരത്തിനുനേരെ ആക്രമണം നടത്തി
ഹൂതികൾ. ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പടെ അഞ്ചുപേർ കൊല്ലപ്പെട്ടു. സമുച്ചയത്തിലെ സൗദി സൈനിക ഓപ്പറേഷൻസ് സെന്ററാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഹൂതികൾ അവകാശപ്പെട്ടു. സൗദി സൈനിക വിന്യാസങ്ങൾ എവിടെയാണെങ്കിലും അവ തകർക്കുമെന്ന പ്രഖ്യാപിത തന്ത്രത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് ഹൂതികൾ വ്യക്തമാക്കി.
യെമൻ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മിസൈൽ, ഡ്രോൺ ആക്രമണത്തിൽ 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെന്ന് യെമൻ ആരോഗ്യ മന്ത്രി ഖാസിം മുഹമ്മദ് ബുഹൈബെ പറഞ്ഞു. പ്രധാനമന്ത്രിയും മറ്റ് നേതാക്കളും സുരക്ഷിതരാണെന്ന് യെമൻ സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. ഹൂതികൾക്കെതിരെ ഈ മാസം ആദ്യത്തിൽ ആരംഭിച്ച സൈനിക നടപടിക്ക് ശേഷമുള്ള ഏറ്റവും ശക്തമായ ആക്രമണമാണിത്. ആക്രമണത്തിൽ കൊട്ടാരസമുച്ചയത്തിന് ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് യെമൻ സർക്കാർ കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.
2014-ൽ ഹൂതികൾ യെമന്റെ ഔദ്യോഗിക തലസ്ഥാനമായ സന പിടിച്ചെടുത്തതിനെത്തുടർന്ന്, അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സർക്കാർ ഏദനെ തങ്ങളുടെ തലസ്ഥാനമായി മാറ്റിയിരുന്നു. സൗദി അറേബ്യയുടെ പിന്തുണയോടെയാണ് യെമൻ സർക്കാർ ഹൂതികളെ നേരിടുന്നത്.
