കൊച്ചി: മുവാറ്റുപുഴ പായിപ്ര പഞ്ചായത്തിൽ വനിതാ ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി പഞ്ചായത്ത് ഏഴാം വാർഡ് അംഗവും മുസ്ലീം ലീഗ് നേതാവുമായ അബ്ദുൽ കരീം. എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയർ എഇ സുമിയ്യയെയാണ് മുസ്ലീം ലീഗ് നേതാവ് ഭീഷണിപ്പെടുത്തിയത്. സുമയ്യയോട് കയർത്തു സംസാരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ
വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് വിവാദമായ സംഭവം നടന്നത്. പഞ്ചായത്തിലെ ഒൻപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്കൂൾ ഫിറ്റ്നസ് പുതുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. പഞ്ചായത്ത് പരിധിയിലുള്ള വിഎം പബ്ലിക് സ്കൂളിന്റെ ഫിറ്റ്നസ് പുതുക്കുന്നതിനുള്ള അപേക്ഷയിൽ നിയമപ്രകാരം കെഎസ്ഇബിയുടെ എൻഒസി ആവശ്യമാണ് എന്ന് അസിസ്റ്റന്റ് എൻജിനീയർ ആവശ്യപ്പെട്ടതാണ് അബ്ദുൽ കരീമിനെ
പ്രകോപിപ്പിച്ചത്.
രണ്ടു ദിവസത്തിനകം എൻ.ഒ.സി ഹാജരാക്കാമെന്ന് ഒൻപതാം വാർഡ് കൗൺസിലർ അറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥ സാവകാശം നൽകിയിരുന്നു. എന്നാൽ നിയമപരമായ സാവകാശത്തെ മാനിക്കാതെ, അഞ്ചാം വാർഡ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായ സീനത്ത് അസീസും ഏഴാം വാർഡ് അംഗം അബ്ദുൽ കരീമും എ.ഇയുടെ ഓഫീസിലെത്തി കയർത്തു സംസാരിക്കുകയായിരുന്നു. “നീ ഒരു പെണ്ണായതുകൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്, ഇല്ലെങ്കിൽ മോന്ത അടിച്ചു പൊട്ടിക്കും” എന്നും, ഫിറ്റ്നസ് നൽകിയിട്ട് ഇവിടുന്ന് ഇറങ്ങിയാൽ മതിയെന്നും ഫയലിൽ ഉടൻ തീരുമാനമുണ്ടാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥയെ ഓഫീസിനുള്ളിലിട്ട് പുറത്തുനിന്ന് പൂട്ടിയിടുമെന്നും ഭീഷണിപ്പെടുത്തുന്നതും വീഡിയോയിൽ കാണാം.
സംഭവത്തിന് പിന്നാലെ ഉദ്യോഗസ്ഥയും ജനപ്രതിനിധികളും മൂവാറ്റുപുഴ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയെന്ന് കാണിച്ച് അസിസ്റ്റന്റ് എഞ്ചിനീയർ സുമയ്യ പരാതി നൽകിയപ്പോൾ, വനിതാ ഉദ്യോഗസ്ഥ തങ്ങളെ ശാരീരികമായി ഉപദ്രവിച്ചെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റ് പരാതി നൽകിയത്.
