Tuesday, October 20, 2026

സൗരവ് ദാസിനും അശുതോഷിനും ജാമ്യമില്ല; മോദിക്കെതിരെ കടുത്ത വിമർശനവുമായി അഭിജീത് ദീപ്‌കെ

Date:

ന്യൂഡല്‍ഹി : കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല. ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി. ജാമ്യം നിഷേധിച്ചതോടെ ഇവർക്ക് തിഹാര്‍ ജയിലില്‍ തുടരേണ്ടിവരും. ഇരുവരും ഇനിയും പ്രതിഷേധിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ആരോപിച്ച് അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു ഡല്‍ഹി പോലീസിൻ്റെ ആവശ്യം.

ഇരുവരുടെയും ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് വൈകുന്നതില്‍ സിജെപിയുടെ ലീഗല്‍ കറസ്‌പോണ്ടന്റ് രത്‌ന സിങിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു –
”എന്റെ ജീവിതത്തില്‍ ഇത്രയും അസംബന്ധമായ ഒന്ന് ഞാന്‍ കണ്ടിട്ടില്ല. ഞങ്ങള്‍ ഇപ്പോഴും എസ്ഇഎം കോടതിയിലാണ്. കോടതി ഉത്തരവിടാന്‍ കാത്തിരിക്കുകയാണ്. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുന്നതില്‍ ഒരു കാരണവുമില്ല. ഇന്നും നിയമത്തെക്കുറിച്ച് പബ്ലിക് പ്രോസിക്യൂട്ടര്‍ ഒരു വാദവും നിരത്തിയിട്ടില്ല. അദ്ദേഹത്തിന്റെ എല്ലാ വാദങ്ങളും വെറും അനുമാനങ്ങള്‍ മാത്രമായിരുന്നു. എസ്ഇഎം കോടതിയുടെ സമയം വെറുതെ നഷ്ടമാക്കുകയാണ്. സൗരവിനെയും അശുതോഷിനെയും വിട്ടയക്കുക.”

സൗരവ് ദാസിന്റെയും അശുതോഷ് റാങ്കയുടെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനവുമായി അഭിജീത് ദീപ്‌കെ രംഗത്ത് വന്നു. യുവ പ്രതിഷേധക്കാരെ ഭയപ്പെടുത്തുന്നതിനായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുവെന്ന് ദീപ്‌കെ ആരോപിച്ചു. സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ദീപ്‌കെയുടെ പ്രതികരണം.

“26 വയസുള്ള സൗരവ് ദാസിനെ ജയിലില്‍ അടയ്ക്കുന്നതിലൂടെ നിങ്ങള്‍ വളരെ ശക്തനാണെന്ന് തോന്നാം. തെരുവുകളില്‍ കുട്ടികളെ മര്‍ദ്ദിക്കുന്നതിലൂടെ നിങ്ങള്‍ ശക്തനാണെന്ന് തോന്നാം. ഡല്‍ഹിയിലുടനീളം ബാരിക്കേഡുകള്‍ വെക്കുന്നതിലൂടെയും തെരുവുകളില്‍ വിദ്യാര്‍ത്ഥികളെ വലിച്ചിഴക്കുന്നതിലൂടെയും നിങ്ങള്‍ ശക്തനാണെന്ന് തോന്നാം.”- ദീപ്‌കെ പരിഹസിച്ചു.

അശുതോഷും സൗരവ് ദാസും ജന്തര്‍ മന്തറില്‍ പോയത് ദേശീയ പതാക ഉയര്‍ത്താനാണെന്നും എന്നാല്‍ അവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിട്ടെന്നും ദീപ്‌കെ കുറ്റപ്പെടുത്തി. ഇരുവരുടെയും കോടതി നടപടികള്‍ വീണ്ടും മാറ്റിവെയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“പോലീസിന്റെ പിന്നില്‍, കോടതിയുടെ മറവില്‍ ഒളിച്ചിരിക്കുന്നതാണോ നരേന്ദ്ര മോദിയുടെ ധൈര്യം? അവരെ ജയിലില്‍ അടച്ചതിലൂടെ നിങ്ങള്‍ ശക്തനായ പ്രധാനമന്ത്രിയായെന്ന് തോന്നുന്നുണ്ടോ? നിങ്ങള്‍ വെറുമൊരു ഭീരുവാണ്.”- അഭിജീത് ദീപ്‌കെ തുറന്നടിച്ചു.

സൗരവ് ദാസിന്റെ ധൈര്യത്തെയും ദീപ്‌കെ പുകഴ്ത്തി. ഒരു ദിവസം പോലും ജയിലില്‍ കിടക്കാന്‍ സാധിക്കുമോ എന്ന ചിന്തയുണ്ടായിരുന്ന സൗരവ് അഞ്ച് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം ചിരിച്ച് കൊണ്ടാണ് കോടതിയിൽ എത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയപ്പോഴും അവന്‍ പേടിച്ചില്ല. ഇതാണ് ധൈര്യമെന്നും അദ്ദേഹം പറഞ്ഞു. ഭയത്തിന്റെ മുന്നില്‍ കീഴടങ്ങാത്തതിന് അശുതോഷിനെയും ഇരു നേതാക്കളുടെ കുടുംബത്തെയും അഭിജീത് പ്രശംസിച്ചു. അറസ്റ്റിലൂടെയും തടവിലൂടെയും നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഇത്തരം നടപടികളിലൂടെ യുവ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാനാകില്ലെന്നും ദീപ്‌കെ പറഞ്ഞു.

Share post:

Popular

More like this
Related

റെയിൽവെ പ്ലാറ്റ്ഫോമിലും ട്രെയിനിലും ഫോൺ ലൌഡ് സ്പീക്കറിൽ ഇട്ടാൽ 1000 രൂപ പിഴ; ആവർത്തിച്ചാൽ 6 മാസം ജയിൽ വാസവും 5000 രൂപ പിഴയും

കൊച്ചി : ട്രെയിനുകളിലും റെയിൽവെ പ്ലാറ്റ്ഫോം അടക്കമുള്ള പരിസരങ്ങളിലും മൊബൈൽ ഫോണുകൾ...

നമ്പർ പ്ലേറ്റിൽ ചിത്രപ്പണിയും സ്റ്റിക്കറും വേണ്ട, 5000 രൂപ വരെ പിഴ വരാം ; ചട്ട ലംഘനങ്ങൾ പങ്കുവെച്ച് എംവിഡി

തിരുവനന്തപുരം : വാഹന നമ്പർ പ്ലേറ്റിൽ അനാവശ്യമായ ചിത്രപ്പണിക്ക് മുതിരുന്നതും എഴുത്തുകൾ...

ഉപഭോക്താക്കൾക്ക് ഇരുട്ടടിയും ഷോക്കും!; വൈദ്യുതി നിരക്കും സർചാർജും കൂടും, പുതിയ താരിഫ് നയം വിജ്ഞാപനമായി

തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും, ഒപ്പം സർചാർജും. പുതിയ...