കൊച്ചി : ട്രെയിനുകളിലും റെയിൽവെ പ്ലാറ്റ്ഫോം അടക്കമുള്ള പരിസരങ്ങളിലും മൊബൈൽ ഫോണുകൾ സ്പീക്കർ മോഡിൽ ഉപയോഗിക്കുന്നതിനും ഉറക്കെ സംസാരിക്കുന്നതിനുമുള്ള വിലക്ക് കൂടുതൽ കർക്കശമാക്കി ഇന്ത്യൻ റെയിൽവെ. മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഇത്തരത്തിൽ പെരുമാറുന്നവർക്കെതിരെ പിഴയും തടവുശിക്ഷയും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ വ്യക്തമാക്കി. ട്രെയിനിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നവർ മാത്രമല്ല, പ്ലാറ്റ്ഫോം അടക്കമുള്ള റെയിൽവെ പരിസരങ്ങളിൽ ഫോൺ സ്പീക്കറിലിട്ട് ആളുകൾക്ക് ശല്യമാകുന്നവർക്കും പിടിവീഴും.
ഉച്ചത്തിൽ വാർത്ത കേൾക്കുക, പാട്ട് കേൾക്കുക എന്നു തുടങ്ങിയ പരിപാടികൾ ചെയ്യുന്നവരെ പിടികൂടി ഫൈൻ അടപ്പിക്കുക മാത്രമല്ല ചെയ്യുക. ട്രെയിനിലാണെങ്കിൽ തൊട്ടടുത്ത സ്റ്റേഷനിൽ ഇറക്കി വിടും. പ്ലാറ്റ്ഫോമിലാണെങ്കിലും പിഴയപ്പിച്ച ശേഷം പുറത്താക്കും.
ജൻ വിശ്വാസ് (നിയമ ഭേദഗതി) ആക്ട് പ്രകാരം ഭേദഗതി ചെയ്ത റെയിൽവെ ആക്ടിലെ സെക്ഷൻ 145 (2) (a) അനുസരിച്ചാണ് ഈ നടപടി കൈക്കൊള്ളുകയെന്ന് റെയിൽവെ അറിയിച്ചു. റെയിൽവേ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് ലഭിച്ച ശേഷവും ലംഘനം തുടർന്നാൽ 6 മാസം വരെ തടവോ 5,000 രൂപ പിഴയോ (അല്ലെങ്കിൽ രണ്ടും കൂടിയോ) ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് കോടതിയിലേക്ക് വിടും.
ഫോണിൽ പാട്ടുകൾ, വീഡിയോകൾ, സോഷ്യൽ മീഡിയ റീലുകൾ എന്നിവ കാണുമ്പോൾ നിർബ്ബന്ധമായും ഇയർഫോണുകൾ ഉപയോഗിക്കുക എന്ന് റെയിൽവെ ആവശ്യപ്പെടുന്നു. റെയിൽവെ പ്ലാറ്റുഫോമിലോ ട്രെയിനിലോ ഫോൺ സംഭാഷണം നടത്തുകയാണെങ്കിൽ ദൈർഘ്യം കുറയ്ക്കാൻ ശ്രമിക്കുക, ശബ്ദം താഴ്ത്തി സംസാരിക്കുക. കുട്ടികൾ കാർട്ടൂണുകളോ വീഡിയോകളോ കാണുമ്പോഴും മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുക. പ്രത്യേകിച്ചും എസി കോച്ചുകളിൽ ശാന്തമായ അന്തരീക്ഷം ഉറപ്പാക്കാൻ യാത്രക്കാർ സഹകരിക്കണമെന്ന് റെയിൽവെ ആവശ്യപ്പെടുന്നു.
ട്രെയിൻ യാത്രയ്ക്കിടെ ഇത്തരം ശല്യങ്ങൾ നേരിടേണ്ടി വന്നാൽ ഉടൻ റെയിൽവെ ജീവനക്കാരെ അറിയിക്കാം. റെയിൽവെ ഉദ്യോഗസ്ഥർ അടുത്തില്ലെങ്കിൽ റെയിൽ മദദ് പോർട്ടൽ വഴി പരാതി നൽകാം. റെയിൽ മദദിലെ പരാതികൾക്ക് ഉടനടി പരിഹാരമുണ്ടാകും. ഇതിനായി പ്രത്യേക സംവിധാനം റെയിൽവെ സജ്ജമാക്കിയിട്ടുണ്ട്.
