[Photo Courtesy : PTI ]
ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യവുമായി ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ ഡല്‍ഹി ചലോ മാര്‍ച്ച് നടന്നു. ഗ്യാനേഷ്കുമാറിനെതിരായ ഹർജിയുമായി കൊണാട്ട് പ്ലേസില്‍ നിന്ന് സുപ്രീംകോടതിയിലേക്ക് ആയിരുന്നു മാർച്ച്. വലിയ ജനപങ്കാളിത്തമാണ് മാര്‍ച്ചില്‍ ഉണ്ടായത്. മാര്‍ച്ചിന് പിന്നാലെ ഹര്‍ജി സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് സമര്‍പ്പിച്ചു.

കോടതിയുടെ സമീപത്ത് ബാരിക്കോഡ് ഉയർത്തി പ്രതിഷേധ മാർച്ച് തടഞ്ഞിരുന്നു. സമരം നടക്കുമ്പോൾ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സുപ്രീം കോടതിയിൽ ഇന്ത്യാ സഖ്യത്തിന് വേണ്ടി ഹർജി നൽകി. രാഹുൽ ഗാന്ധി, മല്ലികാർജ്ജുൻ ഖർഗെ, സൗഗത റോയി, അഖിലേഷ് യാദവ്, ത്വേജസ്വി പ്രസാദ് യാദവ്, സഞ്ജയ് റാവത്ത്, എം എ ബേബി, ഡി രാജ, മഹുവ മാജി, സുപ്രിയ സുലെ, ഇ ടി മുഹമ്മദ് ബഷീർ എന്നിങ്ങനെ ഇന്ത്യാ മുന്നണിയിലെ പ്രധാന പാര്‍ട്ടികളുടെ നേതാക്കളാണ് ഹർജിക്കാർ. തെരഞ്ഞെടുപ്പ് കമ്മീഷന്‍, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറടക്കമുള്ള മൂന്ന് കമ്മീഷണര്‍മാര്‍ എന്നിവരാണ് എതിര്‍ കക്ഷികള്‍.

വൈകുന്നേരം 4:30-നുള്ള സമയപരിധിക്കുള്ളില്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയില്‍ നേരിട്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍, അഭിഭാഷകന്‍ എസ് പ്രസന്നയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഇന്ന് നടന്ന ‘ഇന്‍ഡ്യ’ സഖ്യത്തിന്റെ വമ്പന്‍ റാലിയില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്ക ഗാന്ധി, സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തൃണമൂല്‍ നേതാവ് മമത ബാനര്‍ജി, ആര്‍ജെഡി നേതാവ് തേജസ്വി യാദവ് തുടങ്ങി നിരവധി പ്രമുഖ നേതാക്കള്‍ പങ്കെടുത്തു. കൂടാതെ യുവ നേതാക്കളായ നേഹ ബോറ, ഐഷി ഘോഷ് എന്നിവരും സമരത്തില്‍ മുന്‍ നിരയിലുണ്ടായിരുന്നു.
ഇന്ത്യാ മുന്നണി നേതാക്കൾ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പത്ത് ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. എസ്‌ഐആറുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ തെരഞ്ഞടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കണം എന്നാണ് ആദ്യ ആവശ്യം. എസ്‌ഐആറിന്റെ ഭരണഘടനാ പരമായ സാധുത പരിശോധിക്കുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ഹര്‍ജിക്കാരുടെ പാരാതിയില്‍ തെരഞ്ഞടുപ്പ് കമ്മീഷനോട് നടപടിക്ക് നിര്‍ദ്ദേശം നല്‍കുക, നിര്‍ദ്ദിഷ്ട ചട്ടങ്ങള്‍ക്കനുസൃതമായി ഓണ്‍ലൈന്‍ ഫോം-6 ക്രമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കുക, എസ്‌ഐആറിലെ ക്രമക്കേടുകള്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അന്വേഷിക്കുക, എസ്‌ഐആറില്‍ നിന്ന് നീക്കം ചെയ്തവരുടെ പേരുകളും അതിനുള്ള കാരണവും പരസ്യപ്പെടുത്തുക, നോട്ടീസ് നല്‍കാതയോ ഹിയറിംഗ് നടത്താതയോ ഒരു വോട്ട് പോലും നീക്കം ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കുക, ഇപ്പോള്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുക, വിഷയത്തില്‍ കോടതി ഉചിതമെന്ന് കരുതുന്ന മറ്റ് ഉത്തരവുകള്‍ പുറപ്പെടുവിക്കുക തുടങ്ങിയവയാണ് ആവശ്യങ്ങള്‍.
രാഹുല്‍ ഗാന്ധിയും ഖര്‍ഗെയും സംയുക്ത നിവേദനം നല്‍കാനായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നെങ്കിലും വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ അനുമതി നിഷേധിച്ച ചീഫ് ജസ്റ്റിസ്, ഹര്‍ജി നല്‍കാൻ നിർദ്ദേശിയ്ക്കുകയായിരുന്നു.
