ന്യൂഡൽഹി : കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ ഇന്ത്യൻ റെയിൽവെക്ക് നിർദ്ദേശം നൽകി സുപ്രീം കോടതി. എല്ലാ ട്രെയിൻ യാത്രക്കാർക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഒക്ടോബർ 27 മുതൽ കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകാൻ സുപ്രീം കോടതി നിർദ്ദേശിച്ചത്. ഉത്തരവ് നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയാൽ റെയിൽവെ ബോർഡ് ഉത്തരവാദിയായിരിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
ഇൻഷുറൻസ് പരിരക്ഷയുടെ കാര്യത്തിൽ റെയിൽവെ റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് ടിക്കറ്റ് എടുക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യാത്രക്കാർക്ക് കൂടി ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള സംവിധാനം രൂപീകരിക്കാൻ അധികൃതർക്ക് മതിയായ സമയം നൽകിയിരുന്നതായി ബെഞ്ച് ചൂണ്ടിക്കാട്ടി.
“വിഷയത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലാത്തതിനാൽ 2026 ഒക്ടോബർ 27 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ, എല്ലാ റെയിൽവെ സ്റ്റേഷനുകളിലെയും കൗണ്ടറുകൾ വഴി വിൽക്കുന്ന ടിക്കറ്റുകൾക്കും, ഓൺലൈനായി വാങ്ങുന്ന ടിക്കറ്റുകൾക്ക് ലഭിക്കുന്ന അതേ ഇൻഷുറൻസ് പരിരക്ഷ ലഭ്യമാക്കണമെന്ന് നിർദ്ദേശിക്കുന്നു. നിർദ്ദേശം നിർബ്ബന്ധമായും നടപ്പിലാക്കേണ്ടതാണ്. വീഴ്ച വരുത്തിയാൽ അതിന്റെ ഉത്തരവാദിത്തം നേരിട്ട് റെയിൽവേ ബോർഡിന് ആയിരിക്കും”- കോടതി വ്യക്തമാക്കി.
2023 ജൂണിൽ ഒഡീഷയിലുണ്ടായ ട്രെയിൻ അപകടത്തെത്തുടർന്ന് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ നിർണ്ണായക നിർദ്ദേശം. ‘കവച്’ സുരക്ഷാ സംവിധാനം നടപ്പിലാക്കാത്തതാണ് ഈ അപകടകാരണമെന്ന് ചൂണ്ടിക്കാട്ടി സംഭവത്തിൽ അന്വേഷണം നടത്താൻ കമ്മീഷനെ നിയോഗിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എല്ലാ ട്രെയിനുകളിലും സുരക്ഷാ സംവിധാനം എത്രയും വേഗം നടപ്പിലാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ജസ്റ്റിസുമാരായ അഹ്സനുദ്ദീൻ അമാനുള്ള, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയം പരിഗണിക്കുമ്പോൾ റെയിൽ യാത്രക്കാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പരിഗണിച്ചു. റെയിൽവെ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ, ട്രാക്കുകൾക്ക് വേലി കെട്ടൽ, കൗണ്ടറുകൾ വഴി എടുക്കുന്ന ടിക്കറ്റുകൾക്ക് ഇൻഷുറൻസ് ഇല്ലാത്ത അവസ്ഥ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഓഫ്ലൈനായി (കൗണ്ടറുകൾ വഴി) എടുക്കുന്ന ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തതായും അതിനായുള്ള നടപടിക്രമങ്ങൾ തയ്യാറാക്കിവരികയാണെന്നും മെയ് 11ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു.
‘കവച്’ സംവിധാനം വിപുലീകരിക്കുന്നതിനും ഫൂട്ട് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുന്നതിനും ട്രാക്കുകൾക്ക് സുരക്ഷയൊരുക്കാൻ വേലി കെട്ടുന്നതിനും കോടതിയുടെ ഉത്തരവുകൾ പ്രകാരം പ്രത്യേക മുൻഗണന നൽകിയിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ വിഷയങ്ങളിലടക്കം റെയിൽവെ പ്രത്യേക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അതിനായി പ്രത്യേക ബജറ്റ് വിഹിതം അല്ലെങ്കിൽ സാമ്പത്തിക ബാദ്ധ്യതകൾ ഏറ്റെടുത്തിട്ടുണ്ടെന്നും വ്യക്തമാക്കുന്ന വിശദാംശങ്ങൾ രണ്ട് മാസത്തിനുള്ളിൽ സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു
