തിരുവനന്തപുരം : രമ്യാ ഹരിദാസ് എംഎൽഎയും ചിറയിന്കീഴ് കോണ്ഗ്രസിലെ നേതാക്കളും തമ്മിലുള്ള തര്ക്കം ദിനംപ്രതി കൂടുതൽ വഷളായി വരുന്നതിൽ പ്രവർത്തകർക്കിടയിൽ തന്നെ ആശങ്കയേറുകയാണ്. മണ്ഡലത്തിൻ്റെ വികസനത്തെ ഇത് ബാധിക്കുന്നുണ്ടെന്ന് അടക്കം പറച്ചിൽ മറനീക്കി അടുത്ത ദിവസം തന്നെ പുറത്തുവന്നേക്കുമെന്ന് ഇവർ ഭയപ്പെടുന്നു.
രമ്യാ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിലുള്ള തര്ക്കം പൊട്ടിത്തെറിയിലേക്ക് നീങ്ങിയിട്ടും പരിഹാരം കാണാൻ കെപിസിസി സമിതിക്കും കഴിഞ്ഞിട്ടില്ല. പാലോട് രവിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ തെളിവെടുപ്പില് രമ്യാ ഹരിദാസ് ഹാജരായതുമില്ല. തുടര്ന്ന് എംഎല്എയുടെ മൊഴിയില്ലാതെ കെപിസിസിക്ക് റിപ്പോര്ട്ട് നല്കേണ്ട ഗതികേടിലായി സമിതിയും. കെപിസിസി നിയമിച്ച പാലോട് രവിയുടെ സമിതിയെ തള്ളി കെപിസിസി അധ്യക്ഷനെ തന്റെ നിലപാട് അറിയിച്ചിട്ടുണ്ടെന്ന രമ്യാ ഹരിദാസിന്റെ വിശദീകരണത്തിലും ചിറയിൻകീഴിലെ നേതാക്കൾ അതൃപ്തിയിലാണ്.
ചിറയന്കീഴില് എംഎല്എയും പാര്ട്ടിപ്രവര്ത്തകരുമായി ഉണ്ടായ കയ്യാങ്കളിക്ക് പിന്നാലെ പാര്ട്ടി പ്രാദേശിക നേതൃത്വം തന്നെ രമ്യക്ക എതിരെയാണ്. രമ്യയ്ക്കെതിരെ ചിറയിന്കീഴിലെ കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികള് കഴിഞ്ഞ ദിവസം പ്രമേയം പാസാക്കിയിരുന്നു. രമ്യാ ഹരിദാസ് പാര്ട്ടിക്ക് വിധേയമാകണമെന്ന് കിഴുവില്ലം, പൂന്തള്ളൂര് കോണ്ഗ്രസ് മണ്ഡലം കമ്മിറ്റികള് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ആസ്തി വികസന ഫണ്ട് എംഎല്എ വിനിയോഗിക്കണമെന്നും കൃത്യമായ പദ്ധതികള് സമര്പ്പിക്കണമെന്നും പ്രമേയത്തിലൂടെ കമ്മിറ്റികള് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് കോണ്ഗ്രസ് കമ്മിറ്റികളുടെയും യോഗത്തില് ഏകകണ്ഠമായി രമ്യയ്ക്ക് എതിരെ പ്രമേയം പാസാക്കുകയായിരുന്നു.
കഴിഞ്ഞ തദ്ദേശ ഉപതെരഞ്ഞെടുപ്പില് പാര്ട്ടിക്കുണ്ടായ പരാജയത്തിന് കാരണം രമ്യാ ഹരിദാസിൻ്റെ കയ്യാങ്കളിയാണെന്നാണ് വിലയിരുത്തൽ. രമ്യാഹരിദാസിൻ്റെ ഈ അലംഭാവം പാര്ട്ടിക്ക് അവമതിപ്പുണ്ടാക്കി എന്ന വിലയിരുത്തലാണ് ജില്ലാ കോണ്ഗ്രസ് നേതൃത്വത്തിനുമുള്ളത്. ഈ സാഹചര്യത്തിലാണ് മണ്ഡലം കമ്മിറ്റികള് പ്രമേയം പാസാക്കിയത്.
തര്ക്കം നിലനില്ക്കുന്ന സാഹചര്യം തുടര്ന്നാല് രമ്യാ ഹരിദാസിന് മണ്ഡലത്തില് പ്രവര്ത്തിക്കാന് കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് മനസ്സിലാക്കിയിട്ടും കെപിസിസി കാണിക്കുന്ന ഉദാസീനതയിൽ അണികൾക്കും അമർഷമുണ്ട്. കഴിഞ്ഞദിവസമാണ് രമ്യ ഹരിദാസിന്റെ മൂന്ന് പേഴ്സണല് സ്റ്റാഫുകളില് രണ്ടു പേര് രാജി വെച്ചത്. രമ്യ ഹരിദാസുമായുള്ള ഭിന്നതയുടെ ഭാഗമായാണ് ഈ രാജികള് സംഭവിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്.
