ഹൂസ്റ്റണ്‍: യു എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ വിജയത്തിളക്കവുമായി മലയാളികൾ. ടെക്‌സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലാണ് 3 മലയാളികള്‍ വിജയം നേടിയത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി മത്സരിച്ച ജൂലി എ മാത്യു, സുരേന്ദ്രന്‍ കെ പട്ടേല്‍, കക്ഷിരഹിത സ്ഥാനത്തേക്ക് മത്സരിച്ച മാര്‍ട്ടിന്‍ ജോണ്‍ എന്നിവരാണ് മലയാളികളുടെ അഭിമാനമായത്.
ടെക്‌സസിലെ 240ാം ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച സുരേന്ദ്രന്‍ കെ പട്ടേല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആശാ റെഡ്ഡിയെയാണ് പരാജയപ്പെടുത്തിയത്. ആകെ രേഖപ്പെടുത്തിയ വോട്ടുകളില്‍ 60.23% നേടിയ അദ്ദേഹം 37,396 വോട്ടുകളുടെ മികച്ച ഭൂരിപക്ഷമാണ് കരസ്ഥമാക്കിയത്.
ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജൂലി എ മാത്യു 71,925 വോട്ടുകള്‍ക്ക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജെസ്സിക്ക ജാരാമില്ലോയെ പരാജയപ്പെടുത്തി. ആകെ പോള്‍ ചെയ്ത 1,82,816 വോട്ടുകളില്‍ 1,10,891 വോട്ടുകല്‍ ജൂലിക്ക് ലഭിച്ചു.
ഫോര്‍ട്ട് ബെന്‍ഡ് സെന്‍ട്രല്‍ അപ്രൈസല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് കക്ഷിരഹിത സ്ഥാനാര്‍ഥിയായി മത്സരിച്ച മാര്‍ട്ടിന്‍ ജോണ്‍ 19,845 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എതിരാളിയായ ഷൈസാദ് ‘സാം’ ചത്രിവാലയെക്കാള്‍ 57.14% വോട്ട് നേടിയാണ് വിജയിച്ചത്. പാലാ സെന്റ് തോമസ് കോളേജ് മുന്‍ യൂണിയന്‍ ചെയര്‍മാനാണ് മാര്‍ട്ടിന്‍ ജോണ്‍.
