തിരുവനന്തപുരം : വളർമതിയുടെ നേതൃത്വത്തിൽ നടക്കുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരപ്പന്തലിന് നേരെ പൊലീസ് നടത്തിയ അതിക്രമവും സമരപ്പന്തൽ പൊളിച്ചുനീക്കിയ നടപടിയും അത്യന്തം അപലപനീയമാണെന്ന് കെ. രാജൻ എം.എൽ.എ. സമരങ്ങളോടുള്ള ഫാസിസ്റ്റ് സമീപനമാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇടതുപക്ഷ സർക്കാർ അധികാരത്തിലിരിക്കെ വിവിധ സമരവേദികളിലെത്തി സമരക്കാർക്ക് പിന്തുണ പ്രഖ്യാപിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന പ്രതിപക്ഷ നേതാവ്, ഭരണത്തിലെത്തിയപ്പോൾ സമരങ്ങളെ അടിച്ചമർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സമരക്കാരുടെ ആവശ്യങ്ങൾ കേൾക്കാനോ അവരുമായി ചർച്ച നടത്താനോ തയ്യാറാകാതെ സമരപ്പന്തലുകൾ പൊളിച്ചുനീക്കുകയും സമരക്കാരെ ആക്രമിക്കുകയും ചെയ്യുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സമരങ്ങൾ ശക്തമായപ്പോൾ ജന്തർ മന്ദർ അടച്ചുപൂട്ടിയ നരേന്ദ്ര മോദി-അമിത് ഷാ ഭരണകൂടത്തിന്റെ അതേ മാതൃകയാണ് കേരളത്തിലും പിന്തുടരുന്നത്. നേരത്തെ സമരക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കുമെന്ന് ഉറപ്പുനൽകിയ സർക്കാർ ആ വാഗ്ദാനം നടപ്പിലാക്കണമെന്ന ന്യായമായ ആവശ്യം മാത്രമാണ് റാങ്ക് ഹോൾഡേഴ്സ് ഇപ്പോൾ ഉന്നയിക്കുന്നത്. എച്ച്.എസ്.എ അദ്ധ്യാപകർക്ക് അനുവദിച്ച ഇളവുകൾ എൽ.പി അദ്ധ്യാപകർക്കും അനുവദിക്കണമെന്നതാണ് അവരുടെ പ്രധാന ആവശ്യമെന്നും അദ്ദേഹം ചൂണ്ടികാട്ടി.
യുവജന മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്കിടെ സമരക്കാർ നിശബ്ദമായി പ്ലക്കാർഡുകൾ ഉയർത്തിക്കാണിച്ചതാണ് മണിക്കൂറുകൾക്കകം സമരപ്പന്തൽ പൊളിച്ചുനീക്കാൻ കാരണമായതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തെപ്പോലും അംഗീകരിക്കാത്ത ഇത്തരം ഭരണകൂട സമീപനങ്ങൾ കേരളത്തിന്റെ രാഷ്ട്രീയ പ്രബുദ്ധതയ്ക്ക് നിരക്കാത്തതാണെന്നം സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുകയും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കുകയും വേണം. സമരത്തോടുള്ള ഇത്തരം ജനാധിപത്യവിരുദ്ധ സമീപനങ്ങൾ രാഷ്ട്രീയ കേരളം അംഗീകരിക്കില്ല. റാങ്ക് ഹോൾഡേഴ്സിന്റെ പോരാട്ടത്തിന് എന്തുവിലകൊടുത്തും പിന്തുണ നൽകുമെന്നും കെ. രാജൻ എം.എൽ.എ വ്യക്തമാക്കി.
