തിരുവനന്തപുരം: സർക്കാരിൻ്റെ അനുമതി തേടിയില്ലെന്ന് പറയപ്പെടുന്നു, മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്ന് എക്സൈസ് മന്ത്രിയും പറയുന്നു. പിന്നെ ആരാണാവോ, സംസ്ഥാനത്തെ ബേക്കറികൾ വഴി വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയത്? എന്തായാലും, ഒടുവിൽ വിവാദ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ട്. വിവാദമായ ഉത്തരവിന് കാരണക്കാരായവർക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചന.
സംസ്ഥാനത്ത് ബേക്കറികള് വഴി വീര്യമുള്ള ഹോര്ട്ടി വൈന് വില്പ്പന ആദ്യം ആരംഭിച്ചത് ചാലക്കുടിയിലെ ബേക്കറിയിലാണ് സംഭവത്തില് അതൃപ്തി വ്യക്തമാക്കിയ മന്ത്രി എം ലിജു എക്സൈസ് കമ്മീഷ്ണറോട് റിപ്പോര്ട്ട് തേടി. എന്നാൽ, നിയമപരമായ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് നടപടിയെന്നാണ് എക്സൈസ് കമ്മീഷണറേറ്റിന്റെ വിശദീകരണം.
2026 ജൂണ് 24 ന് എക്സൈസ് കമ്മീഷണര് ശ്രീറാം സാംബശിവ റാവൂ ആണ് വീര്യമുള്ള ഹോര്ട്ടി വൈന് വില്പ്പനയക്ക് അനുമതി നല്കിയത്. 10,000 രൂപ വാർഷിക ഫീസ് അടച്ച് സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുക്കാമെന്നും വിൽപ്പനയിലൂടെ 20% കമ്മീഷൻ സ്ഥാപനങ്ങൾക്ക് ലഭിക്കുമെന്നുമായിരുന്നു ഉത്തരവിലെ വ്യവസ്ഥ.
ഹോർട്ടി വൈനിന് നിലവിൽ 86 ശതമാനം നികുതി ഘടനയാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ നികുതി ഘടന വളരെ കൂടുതലാണെന്നും ഇതിൽ ഇളവ് നൽകണമെന്നും ആവശ്യപ്പെട്ട് സംരംഭകരും സർക്കാരിനെ സമീപിച്ചിരുന്നു. ബേക്കറികൾ പോലുള്ള സാധാരണ വ്യാപാര സ്ഥാപനങ്ങൾ വഴി മദ്യത്തിന്റെ ഗണത്തിൽപ്പെടുന്ന വൈൻ വിൽക്കുന്നത് സമൂഹത്തിൽ വലിയ തോതിൽ പ്രതിഷേധത്തിന് ഇടയാക്കുമെന്ന ആശങ്കയും അന്നേ ഉയർന്നിരുന്നു.
