[Photo Courtesy : PTI/X]
ബംഗളൂരു : യുവതലമുറ കേവലം രാജ്യത്തിന്റെ ഭാവി മാത്രമല്ല, വര്ത്തമാനകാലത്തിലെ സജീവ പങ്കാളികൾ കൂടിയാണെന്നും അവർ ചോദ്യങ്ങള് ചോദിക്കുന്നത് ഊര്ജ്ജസ്വലമായ ജനാധിപത്യത്തിന്റെ ലക്ഷണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. യുവാക്കളുടെ ആശങ്കകളും ആഗ്രഹങ്ങളും കേള്ക്കാന് നീതിപീഠം സന്നദ്ധമാണ്. നീതിന്യായ വ്യവസ്ഥ പ്രവര്ത്തിക്കുന്നത് സ്ഥാപിതമായ ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയാണ്. എല്ലാ വിഷയങ്ങളും പൊതുജന അഭിപ്രായത്തിന്റെ കോടതിയില് പരിഹരിക്കാന് കഴിയില്ല. വിയോജിപ്പുകള് ഒരിക്കലും ഒരു ഭീഷണിയായി കാണരുതെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
രാജ്യം ശക്തമായ യുവജന പ്രക്ഷോഭത്തിൽ ശബ്ദായമാനമായ സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസിന്റെ യുവതയെ മുൻനിർത്തിയുള്ള ഈ വാക്കുകളെന്നത് ശ്രദ്ധേയം. ബംഗളൂരുവിലെ നാഷണല് ലോ സ്കൂള് ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റിയുടെ (NLSIU) 34-ാം ബിരുദദാന ചടങ്ങിനിടെ പൊതു പ്രസ്താവനകളിലൂടെയും സോഷ്യല് മീഡിയയിലൂടെയും വിയോജിപ്പുകള് കൂടുതലായി പ്രകടിപ്പിക്കുന്ന ഒരു തലമുറയുമായി ജുഡീഷ്യറി എങ്ങനെ ഇടപഴകണമെന്ന ചോദ്യത്തിനായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.
ജുഡീഷ്യറി പ്രവര്ത്തിക്കുന്നത് ഭരണഘടനാപരമായ പ്രക്രിയകളിലൂടെയാണ്. എല്ലാ വിഷയങ്ങളും പൊതുജനാഭിപ്രായ കോടതിയില് പരിഹരിക്കാന് കഴിയില്ല. ഭരണഘടന, നിയമം, അവരുടെ മുമ്പാകെയുള്ള തെളിവുകള് എന്നിവയുടെ അടിസ്ഥാനത്തിലാണ് ജഡ്ജിമാര് അന്തിമമായി കേസുകള് തീരുമാനിക്കേണ്ടതെന്നും ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസും ബാര് കൗണ്സില് ഓഫ് ഇന്ത്യ (ബിസിഐ) ചെയര്മാന് മനന് കുമാര് മിശ്രയും പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാര്ത്ഥികളുടെയും പൂര്വ്വ വിദ്യാര്ത്ഥികളുടെയും എതിര്പ്പിനെത്തുടര്ന്ന് നേരത്തെ റദ്ദാക്കിയ ചടങ്ങാണ് അനിശ്ചിതത്വത്തിനൊടുവിൽ ഇന്നലെ നടന്നത്.
