Sunday, November 8, 2026

കണ്ടോ കണ്ടോ, സന്നിധാനത്ത് എപ്പോഴും കയ്യൂക്കുള്ളവൻ തന്നെ കാര്യക്കാരൻ!; ഓൺലൈൻ ബുക്കിങ് തുടങ്ങി ഒരു മണിക്കൂറിനകം 400 മുറികളും ട്രാവൽ ഏജൻസികളും ഇടനിലക്കാരും കൈക്കലാക്കി

Date:

തിരുവനന്തപുരം : ശബരിമല സന്നിധാനത്തെ മുറികളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനകം 400 മുറികളും കൈവശപ്പെടുത്തി ട്രാവൽ ഏജൻസികളും ഇടനിലക്കാരും. ദേവസ്വം വിജിലൻസിൻ്റെ തന്നെ കണ്ടെത്തലാണിത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് എസ്.പി. വി. സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

ബുക്കിംങ് സൈറ്റിലെ പഴുതുകൾ കൃത്യമായി മുതലെടുത്താണ് മുറികൾ കൂട്ടത്തോടെ ഇത്തരക്കാർ കൈക്കലാക്കിയത്. ഇത് മനസ്സിലാക്കാനുള്ള വിവേകം ദേവസ്വം ബോർഡിന് ഇല്ലാതെ പോയി എന്നതും കൗതുകം.

2016-ൽ ഉണ്ടാക്കിയ ശേഷം പിന്നീട് ഒരു പരിഷ്ക്കരണവും വരുത്താത്ത വെബ്‌സൈറ്റിലെ പഴുതുകളെക്കുറിച്ചുള്ള ധാരണ ഉന്നതാധികാരികൾക്ക് ഉണ്ടായില്ലെങ്കിലും ട്രാവൽ ഏജൻസികൾക്കും ഇടനിലക്കാർക്കും കൃത്യമായ വിവരം ലഭിച്ചിരുന്നു എന്നതാണ് യാഥാർത്ഥ്യം. സ്വന്തം ഇ-മെയിൽ ഐ.ഡി. ഇല്ലെങ്കിലും ഏതെങ്കിലുമൊരു ഐ.ഡി. നൽകി ആർക്കും എത്ര മുറിവേണമെങ്കിലും നിലവിലെ വെബ്‌സൈറ്റ് വഴി ബുക്കുചെയ്യാം. ആധുനിക കാലത്ത് എന്തിനും ഏതിനും ആധികാരികത ഉറപ്പാക്കാൻ പ്രാബല്യത്തിലുള്ള ആധാർ അധിഷ്ഠിത ഒ.ടി.പി. സംവിധാനവും പരിശോധനയും ഇല്ല. ഒരാൾക്ക് ബുക്ക് ചെയ്യാവുന്ന മുറികളുടെ എണ്ണത്തിനും യാതൊരു നിയന്ത്രണവുമില്ല. എന്തായാലും, കൂട്ടബുക്കിങ് നടത്തിയവരെ ഐ.പി. അഡ്രസ് വഴി കണ്ടെത്താനുള്ള ശ്രമത്തിലാണിപ്പോൾ വിജിലൻസ്. ഇതിനായി ബുക്കിങ് നടത്തിയ ഐ.പി. അഡ്രസുകൾ ദേവസ്വം വിജിലൻസ് സൈബർ പോലീസിന് കൈമാറി.

സൈറ്റ് തുറന്ന ആദ്യമണിക്കൂറിൽ തന്നെ ചെന്നൈയിലെ സുജാത ട്രാവൽ ഏജൻസി 17, 18, 19 തീയതികളിൽ 22 മുറിവീതമാണ് ബുക്ക് ചെയ്തിട്ടുള്ളത്.  ദിവസവും ലഭ്യമായ 400 മുറികളിൽ  അഞ്ച് ശതമാനത്തിൽ ഏറെയാണിത്.

ഇതിനുപുറമേ 10, 12, 15 എന്നിങ്ങനെ ഒറ്റയടിക്ക് ഒട്ടേറെ മുറികൾ ബുക്കുചെയ്ത സംഭവങ്ങളുമുണ്ട്. ഒരാൾ ഒന്നോ രണ്ടോ മുറി ബുക്കുചെയ്യുന്ന സാധാരണ രീതിക്കുപകരം ഒരുമിച്ച് ബുക്കുചെയ്തത് ഏജൻസികളുടെയും ഇടനിലക്കാരുടെയും ഇടപെടലിന്റെ തെളിവായാണ് വിജിലൻസ് കാണുന്നത്. ചുരുക്കം ചില ഭക്തർക്കും മുറി വീണുകിട്ടിയിട്ടുണ്ട്! കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിക്ക് റിപ്പോർട്ട് നൽകുമെന്നാണ് അറിയുന്നത്.

Share post:

Popular

More like this
Related

‘സായുധ നക്സലുകളെ തുടച്ചുനീക്കി; ഇപ്പോൾ ഭീഷണി  രാഷ്ട്രീയ പാർട്ടികളിലെ ദിമാഗി നക്സലുകൾ’: മോദി

കാരൻപുർ : രാജ്യത്തെ പാർട്ടികളിൽ 'ദിമാഗി നക്സലുകൾ' പ്രവർത്തിക്കുന്നതായും അവരാണ് പുതിയ...

സൗദി ജനവാസ മേഖലകൾ ലക്ഷ്യമാക്കി വീണ്ടും ഹൂതി ആക്രമണം; ക്രൂയിസ് മിസൈലുകൾ തകർത്തെന്ന് അറബ് സഖ്യസേന

റിയാദ് : റിയാദ് ഉൾപ്പെടെയുള്ള സൗദി അറേബ്യയിലെ ജനവാസ മേഖലകൾ ലക്ഷ്യമിട്ട്...