ന്യൂഡല്‍ഹി : മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവും രാജ്യതലസ്ഥാനം പ്രക്ഷുബ്ധ വഴിയിലാണ്. ഇന്‍ഡ്യാ സഖ്യത്തിൻ്റെ നേതൃത്വത്തിൽ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. ഉച്ചയ്ക്ക് ശേഷം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലേക്ക് എത്തിച്ചേരാന്‍ എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയെങ്കിലും മറുപടി ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് മാര്‍ച്ചിനൊരുങ്ങുന്നത്.
ഗ്യാനേഷ് കുമാറിനെതിരായ കുറ്റാരോപണ നിവേദനം രാഷ്ട്രപതിക്ക് നൽകാനാണ് നീക്കം. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കുകയാണെങ്കിൽ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ 10 നേതാക്കളുടെ സംഘം രാഷ്ട്രപതിയെ കാണും. അനുമതി ലഭിച്ചില്ലെങ്കിൽ വെെകിട്ട് മൂന്ന് മണിയോടെ പാർലമെന്റ് സെൻട്രൽ ഹാളിൽ സമ്മേളിച്ച് അവിടെ നിന്നും രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തിയേക്കും.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ആദ്യദിനം തെരഞ്ഞെടുപ്പ് കമ്മീഷനിലേക്കും ഒക്ടോബര്‍ 7ന് ജന്തര്‍ മന്തറിലേയ്ക്കും മാര്‍ച്ച് നടത്തിയിരുന്നു. പിന്നാലെയാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ പദ്ധതിയിടുന്നത്. മൂന്നാം ദിവസമായ ഇന്നലെ പ്രതിഷേധ മാര്‍ച്ച് ഒഴിവാക്കിയെങ്കിലും ഗാന്ധി സമാധിയായ രാജ്ഘട്ടിലെത്തി ഒന്നിച്ചു പ്രാര്‍ത്ഥിക്കുകയും സമാധാന ധര്‍ണയിരിക്കുകയും ചെയ്തിരുന്നു. ബംഗളൂരുവിൽ വ്യാഴാഴ്ച നടന്ന സിജെപി പ്രക്ഷോഭത്തിൻ്റെ വാർത്താപ്രാധാന്യം നഷ്ടപ്പെടാതിരിക്കാനാണ് സമാധാന ധർണ്ണയിലേക്ക് മാറിയതെന്നും വിവരമുണ്ട്.
കോക്രോച്ച് ജനതാ പാര്‍ട്ടി നാളെ ഡല്ഹിയിലെത്തുനതോടെ പ്രതിഷേധത്തിന് മറ്റൊരു മുഖം വരാനാണ് സാദ്ധ്യത. എന്നാൽ സിജെപിക്ക് പ്രതിഷേധ സമരത്തിന് പോലീസ് അനുമതി ലഭിച്ചിട്ടില്ല. മറ്റുനഗരങ്ങളില് പ്രതിഷേധത്തിന് അനുമതി ലഭിച്ചെന്നും ഡല്‍ഹിയിലെ പ്രതിഷേധത്തിന് അമിത് ഷാ എന്തുകൊണ്ട് അനുമതി നല്‍കുന്നില്ലെന്നും സിജെപി കണ്‍വീനര്‍ അഭിജീത് ദീപ്കെ ചോദിച്ചിരുന്നു. കടുത്ത പ്രതിഷേധം മുന്നില്‍ കണ്ട് അതീവ സുരക്ഷയിലാണ് ഡല്‍ഹി. തന്ത്രപ്രധാന മേഖലകളിലെല്ലാം കേന്ദ്രസേനയുടെ നിരീക്ഷണം ശക്തമാണ്.
