ന്യൂഡല്ഹി : ഡല്ഹിയില് വെള്ളിയാഴ്ച നടന്ന തിരംഗ മാര്ച്ചിൻ്റെ മുന്നോടിയായി അറസ്റ്റ് ചെയ്ത ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയെ വിട്ടയച്ച് ഡല്ഹി പോലീസ്. 14 മണിക്കൂർ കസ്റ്റഡിയിൽ വെച്ച ശേഷമാണ് നേഹയെ വിട്ടയച്ചത്. ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് നടപടി.
അതേസമയം നേഹക്ക് മുൻപെ, കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെയെ ജുഡീഷ്യല് കസ്റ്റഡിയില് വിടാനുള്ള നീക്കത്തിലാണ് പോലീസ് എന്നറിയുന്നു. ദീപ്കെയുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തി. എന്നാല് ഇപ്പോഴും അഭീജീത് ദീപ്കെ എവിടെയാണ് എന്നതില് വ്യക്തതയില്ല. മുമ്പ് അറസ്റ്റിലായ ഘട്ടത്തില് ക്രമസമാധാനം തകര്ക്കുന്ന നടപടി ഉണ്ടാകരുത് എന്ന ഉപാധിയിന്മേലായിരുന്നു വിട്ടയച്ചിരുന്നത്. ഇത് ചൂണ്ടിക്കാട്ടി ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് ബോധിപ്പിച്ച് കോടതിയെ സമീപിക്കാനാണ് ഡല്ഹി പോലീസ് നീക്കം.
വെള്ളിയാഴ്ച വൈകുന്നേരം തിരംഗ മാർച്ചിന് പോകാൻ ഇറങ്ങവെയാണ് കോക്രോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദീപ്കെയെ വസതിക്ക് വെളിയിൽ നിന്ന് ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതിന് തൊട്ട് പിന്നാലെ തന്നെ പ്രതിഷേധവുമായി മണ്ഡി ഹൗസിലേയ്ക്ക് എത്തിയ നേഹ ബോറയെയും ഡൽഹി പോലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തിരംഗ മാര്ച്ച് നടത്താന് പാടില്ലെന്നും അത് നിയമ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി അഭിജീത് ദീപ്കെ പോലീസ് നോട്ടീസ് നൽകിയിരുന്നു. ദേശീയ പാതാകയുമായി പൗരന്മാര്ക്ക് രാജ്യത്ത് റാലി നടത്താന് കഴിയാത്ത സാഹചര്യമാണ് ഇപ്പോള് ഉള്ളതെന്ന് ദീപ്കെ അറസ്റ്റിന് മുമ്പ് പ്രതികരിച്ചു.
മണ്ഡി ഹൗസിൽനിന്ന് ആരംഭിച്ച മാർച്ചിനിടെയാണ് എഐഎസ്എ ദേശീയ അദ്ധ്യക്ഷ നേഹ ബോറയെ കസ്റ്റഡിയിലെടുത്തത്. ആദ്യം അവരെ സൗത്ത് വെസ്റ്റ് ജില്ലാ ആന്റി നാർക്കോട്ടിക്സ് ടാസ്ക് ഫോഴ്സിന്റെ കേന്ദ്രത്തിലേക്കാണ് കൊണ്ടുപോയത്. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.
ജനങ്ങളുടെ മനസില് ഭയം നിറയ്ക്കാനുള്ള ശ്രമമാണ് പോലീസ് ഭാഗത്തു നിന്ന് ഉണ്ടാകുന്നതെന്ന് നേഹ ബോറ പ്രതികരിച്ചു. പ്രതിഷേധിക്കുന്നവരെ ഡല്ഹി പോലീസ് നിയമ വിരുദ്ധമായി കസ്റ്റഡിയില് എടുക്കുകയാണ്. . അനധികൃതമായി കസ്റ്റഡിയില് വെച്ചിരിക്കുന്ന അഭിജീത് ദീപ്കെയെയും പോലീസ് മോചിപ്പിക്കാന് തയ്യാറാകണമെന്ന് നേഹ ആവശ്യപ്പെട്ടു. എന്ത് തന്നെ ഉണ്ടായാലും ഗ്യാനേഷ് കുമാര് രാജി വെക്കാതെ സമരത്തില് നിന്ന് പിന്നോട്ട് പോകില്ലെന്നും ഐസ നേതാവ് നേഹ ബോറ വ്യക്തമാക്കി.
