ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്ന് പ്രതിഷേധം കനക്കും. സമരം ശക്തമാക്കാന്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകളും സമരത്തിന് അനുമതി തേടി സിജെപിയും രംഗത്തുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സുപ്രീംകോടതിയിലേക്ക് മാര്‍ച്ച് നടത്തും.
വോട്ട് മോഷണത്തിന് അവസാനം വരുത്തുക, എസ്ഐആര്‍ നിര്‍ത്തിവെയ്ക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം രാജ്യത്തിനുവേണ്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് സമര്‍പ്പിക്കുമെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അറിയിച്ചു. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് രാഹുലിന്റെ പ്രഖ്യാപനം.
തെരഞ്ഞെടുപ്പ് ക്രമക്കേട് വിഷയത്തില്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ഗാന്ധിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കിയിരുന്നെങ്കിലും അനുമതി നിഷേധിക്കുകയായിരുന്നു. നിലവിലെ സാഹചര്യങ്ങളില്‍ കൂടിക്കാഴ്ച നടത്തുന്നത് അനുചിതമെന്നാണ് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ നിവേദനത്തിനു പകരം ഹര്‍ജി നല്‍കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു. എങ്കില്‍ ഉടന്‍ തന്നെ അതു പരിഗണിക്കാമെന്നും മൗലികാവകാശം ലംഘിക്കപ്പെട്ടാല്‍ ഏതു പൗരനും സമീപിക്കുന്നതിനായി സുപ്രീം കോടതി 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. ഇമെയിലിലൂടെ നല്‍കിയ കത്തിലാണ് കൂടിക്കാഴ്ച നടത്തുന്നത് അനുചിതമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്.
പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്നും കനത്ത സുരക്ഷയാണ്. ഡല്‍ഹി പോലീസിന് പുറമെ, ആര്‍എഎഫ്, സിആര്‍എഫ് തുടങ്ങിയ അര്‍ദ്ധസൈനിക വിഭാഗങ്ങളെയും ഡല്‍ഹിയില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. ആറു മെട്രോ സ്‌റ്റേഷനുകള്‍ രാവിലെ ആറു മുതല്‍ കൈകീട്ട് നാലു വരെ ഇന്നും അടച്ചിടും.
