ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയുമടക്കം ഉന്നയിച്ച് ജന്തർമന്തറിൽ സമരം ചെയ്യുന്ന രാജ്യത്തെ യുവാക്കൾക്ക് മുമ്പിൽ കേന്ദ്ര സർക്കാർ മുട്ടുമടക്കി. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെച്ചു. മൂന്നാം മോദി സർക്കാരിൻ്റെ കാലത്ത് പ്രക്ഷോഭങ്ങളെ തുടർന്ന് രാജി വെക്കുന്ന ആദ്യ മന്ത്രിയായി ധർമേന്ദ്ര പ്രധാൻ.
സാധാരണയായി മന്ത്രിസഭാ പുന:സംഘടനകളുടെ ഭാഗമായി മന്ത്രിമാരെ മാറ്റാറുണ്ടെങ്കിലും, ഉത്തരവാദിത്വം ഏറ്റെടുത്തോ വിവാദങ്ങളെത്തുടർന്നോ മോദി സർക്കാരിൽ മന്ത്രിമാരുടെ രാജി പൊതുവെ വിരളമാണ്. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ വിദ്യാർത്ഥി സമൂഹം രാഷ്ട്ര തലസ്ഥാനത്ത് നടത്തിയ അതിശക്ത പ്രതിഷേധവും തുടർന്നുള്ള വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തായതും ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതു ചരിത്രമായി.
നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളും, വിദ്യാർഥികളെ തല്ലിച്ചതച്ച പോലീസ് നടപടിയും സർക്കാരിനെ പ്രതിരോധത്തിലാക്കിയിരുന്നു.
മൂന്ന് ആവശ്യങ്ങളായിരുന്നു സിജെപി പ്രവർത്തകർ കേന്ദ്രത്തിന് മുമ്പിൽ വെച്ചത്. നീറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് നഷ്ടപരിഹാരം, പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരായ എഫ്ഐആർ പിൻവലിക്കണം, ധർമേന്ദ്ര പ്രധാന്റെ രാജി. ഇതിൽ ആദ്യത്തെ രണ്ടെണ്ണത്തിലും കേന്ദ്രത്തിന് അനുകൂല നിലപാട് ആയിരുന്നു. എന്നാൽ ധർമേന്ദ്ര പ്രധാന്റെ രാജിയിൽ തീരുമാനം ഉണ്ടായിരുന്നില്ല.
സിജെപി പ്രതിഷേധം ഞായറാഴ്ച മുതൽ രാജ്യവ്യാപകമാക്കുമെന്നും വിദ്യാർത്ഥികളെ കൊണ്ട് ഡൽഹി നിറയുമെന്നുമുള്ള മുന്നറിയിപ്പു കൂടി വന്നതോടെയാണ് ചർച്ചയ്ക്ക് തൊട്ടുമുമ്പായി ധർമേന്ദ്ര പ്രധാൻ രാജിവെച്ചിറങ്ങുന്നത്.
