ന്യൂഡല്ഹി : രാജ്യ തലസ്ഥാനത്ത് ഇന്ന് നടത്താൻ നിശ്ചയിച്ച സിജെപി പ്രതിഷേധം വിലക്കാന് ഡല്ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ഡല്ഹി പോലീസിൻ്റെ കൗതുകമായ ഒരു അറിയിപ്പും വന്നു, 11 പേര്ക്ക് പ്രതിഷേധിക്കാമത്രെ! പാര്ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചാണ് സിജെപി ഇന്ന് ഡല്ഹിയിലും മുംബൈയിലും ‘ലഹ്റ ദോ തിരംഗ’ റാലി പ്രഖ്യാപിച്ചത്. വൈകുന്നേരം 5 മണിക്ക് ദേശീയ പതാകയുമായി സെന്ട്രല് പാര്ക്കില് ഒത്തുകൂടാനാണ് പ്രവർത്തകരോട് സിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. സിജെപി മാര്ച്ചിന് ആം ആദ്മി പാര്ട്ടി (എഎപി) പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
നിരോധനാജ്ഞ നിലവിലുള്ളതിനാല് കൊണാട് പ്ലേസില് സംഘംചേരല് അനുവദിക്കില്ലെന്ന് ഡല്ഹി പോലീസ് വ്യക്തമാക്കി. പ്രതിഷേധത്തെ ഭയന്ന് കൊണാട്ട് പ്ലേസിലെ സെന്ട്രല് പാര്ക്ക് ഇന്നും നാളെയും അടച്ചിടുമെന്ന് ന്യൂഡല്ഹി മുനിസിപ്പല് കൗണ്സില് അറിയിച്ചു. പാര്ക്കിലേക്ക് അനധികൃതമായി ആളുകള് പ്രവേശിക്കുന്നത് തടയാന് ശക്തമായ സുരക്ഷ ഉറപ്പാക്കണമെന്ന് എന്ഡിഎംസി അധികൃതര് പോലീസിനോട് ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡല്ഹി ജന്തര്മന്തറില് അതിക്രമിച്ചുകയറി പ്രതീകാത്മക ഇതിഷേധം നടത്തിയതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും ബുധനാഴ്ച അറസ്റ്റ് ചെയ്ത് അഞ്ച് ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടത്.
മുംബൈയിലും സിജെപി ‘ലഹ്റ ദോ തിരംഗ’ റാലി സംഘടിപ്പിക്കുന്നുണ്ട്. ആസാദ് മൈതാനത്താണ് സിജെപി മാർച്ചിന് മുംബൈ പോലീസ് അനുമതി നല്കിയിട്ടുള്ളത്. ആസാദ് മൈതാനത്ത് മാത്രമായിരിക്കും പ്രതിഷേധം നടക്കുകയെന്ന് സംഘാടകര് വ്യക്തമാക്കിയിട്ടുണ്ടെന്ന് ഡിസിപി മനീഷ് കല്വാനിയ അറിയിച്ചു.
